
തിരുവനന്തപുരം: ഏഴുപേര്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത കൊല്ലം കിളികൊല്ലൂര്‍ ചെമ്പ്രാപ്പിള്ള തൊടിയില്‍ എസ് വിനോദിന് (54) മെഡിക്കല്‍ കോളേജ് അധികൃതരുടെയും ജീവനക്കാരുടെയും യാത്രാമൊഴി. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെത്തിച്ച വിനോദിന്റെ ഭൗതികശരീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മൃതസഞ്ജീവനി ജീവനക്കാരും നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരുമെല്ലാം എത്തിയിരുന്നു. ഏഴുപേര്‍ക്ക് അവയവം ദാനം ചെയ്ത് വിസ്മൃതിയിലേയ്ക്ക് മറഞ്ഞ വിനോദിന് ആദരമര്‍പ്പിച്ച് തൊഴുകൈകളോടെ അവര്‍ നടന്നുനീങ്ങുമ്പോള്‍ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയത് അര്‍ഹിക്കുന്ന ആദരവ് തന്നെയായിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ്, യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവന്‍, മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, പ്രോജക്ട് മാനേജര്‍ എസ് ശരണ്യ, കോ ഓര്‍ഡിനേറ്റര്‍മാരായ പി.വി. അനീഷ്, എസ്.എല്‍. വിനോദ് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് വൈശാഖ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വകാര്യബസിടിച്ചാണ് ബൈക്ക് യാത്രക്കാരനായ എസ് വിനോദിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സയിലായിരുന്ന വിനോദിന് ചൊവ്വ രാത്രിയോടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. ഹൃദയവും കരളും വൃക്കകളും കൈകളും നേത്രപടലവുമടക്കം എട്ട് അവയവങ്ങള്‍ ഏഴുപേര്‍ക്കായി ദാനം ചെയ്താണ് വിനോദ് യാത്രയായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam