
തിരുവനന്തപുരം: തലസ്ഥാനത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വർക്കലയിലെ 50 അടി പൊക്കമുള്ള ഭീമൻസ് സാന്റാക്ലോസ്. കൊച്ചിൻ കാർണിവൽ പോലെ ഒരു മിനി കാർണിവൽ എന്ന ആശയം മുൻനിറുത്തി ഇടവ ഗ്രാമപഞ്ചായത്തിലെ പൊയ്കയിൽ എന്ന പ്രദേശത്തെ ഒരു സംഘം യുവാക്കളുടെ നേതൃത്വത്തിൽ ശ്രീ ശങ്കര നാരായണ സാംസ്കാരിക കേന്ദ്രം ആണ് ഈ അത്ഭുത കാഴ്ചയ്ക്ക് പിന്നിൽ. ഡിസംബർ ഒന്ന് മുതൽ 19 ദിവസം എടുത്താണ് സാന്റാക്ലോസ് നിർമ്മാണം പൂർത്തിയാക്കിയത്. മുള, കാറ്റാടിക്കഴ എന്നിവ ഉപയോഗിച്ചാണ് ഇതിന്‍റെ ഫ്രെയ്മുകൾ നിർമ്മിച്ചിരിക്കുന്നത്.
ക്ലബ് അംഗങ്ങൾ തന്നെയാണ് ഈ ഭീമൻ സാന്‍റാക്ലോസ് നിർമ്മിക്കാൻ വേണ്ടിവന്ന പണം നൽകിയിരിക്കുന്നത്. പൊയ്കയിലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഈ ഭീമൻ സാന്‍റാക്ലോസിന് പുറമെ പുൽക്കൂടടക്കമുള്ള അലങ്കാരവും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ സാംസ്കാരിക പരിപാടികളും സംഘാടകർ നടത്തുന്നുണ്ട്. പ്രദേശത്തുള്ളവർക്ക് പുറമെ വിവിധ സ്ഥലങ്ങളിലുള്ളവരാണ് ദിവസവും ഇവിടുത്തെ ആഘോഷങ്ങൾ കാണാനായെത്തുന്നത്. ഭീമൻ സാന്‍റാക്ലോസിനൊപ്പം സാംസ്കാരിക പരിപാടികളും ഏവരുടെയും മനം കവരുന്നുണ്ട്. ജനുവരി ഒന്ന് വരെ സാന്റാക്ലോസ് പ്രദർശനം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ പുതുവത്സരവും ഇവിടെയെത്തിയാൽ ആഘോഷമാക്കാനാകും.
ഇപ്പോൾ തന്നെ പൊയ്കയിൽ എന്ന ഈ പ്രദേശം ഒരു ഉത്സവനഗരിയുടെ പ്രതീതിയിലാണ്. ദൂരദേശങ്ങളിൽ നിന്നുപോലും ഇപ്പോൾ സാന്റാക്ലോസിനെ കാണുവാനും ഇവിടുത്തെ ആഘോഷങ്ങളിൽ പങ്കുചേരുവാനും കുട്ടികളോടൊപ്പം എത്തുന്ന കാഴ്ച്ചക്കാർ വളരെ കൂടുതലാണ്. കഴിഞ്ഞ 35 വർഷമായി ശ്രീ ശങ്കര നാരായണ സാംസ്കാരിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു വരുന്നുണ്ട്. കൊച്ചിൻ കാർണിവൽ മാതൃകയിൽ ഒരു മിനി കാർണിവൽ ഈ ക്രിസ്തുമസ് പുതുവത്സര കാലയളവിൽ ഒരുക്കാം എന്ന ആശയത്തിൽ നിന്നാണ് ഇത്തരം ഒരു പരിപാടി ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam