
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ 17 വയസുകാരന്റെ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റ്. കൊലപാതകത്തിൽ പിടിയിലായ കൗമാരക്കാരന്റെ പെൺ സുഹൃത്തിനെയും കേസിൽ പ്രതി ചേർത്തു. മണക്കാട് സ്വദേശിയായ 18കാരി അനന്തയെയാണ് പ്രതി ചേർത്തത്. ഐടിഐ വിദ്യാര്‍ത്ഥിയായ അനന്തയാണ് കേസിലെ മൂന്നാം പ്രതി. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കേസിൽ അഭിരാമിനെ കൊന്ന 17കാരനും സഹായം നൽകിയ ഗുണ്ട ഉമറും നേരത്തെ അറസ്റ്റിലായിരുന്നു. ഗുണ്ട ഉമറിന്‍റെ കാമുകിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്കുളം സ്വദേശിനി ഐശ്വര്യയാണ് കസ്റ്റഡിയിലുള്ളത്. കൃത്യത്തെ കുറിച്ച് ഇവർക്ക് അറിവ് ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കൊല നടന്ന സമയം ഉമ്മറും സ്ഥലത്ത് ഉണ്ടായിരുന്നു എന്നു തെളിഞ്ഞു. കൊലക്ക് ശേഷം ഉമറിനെ വിളിച്ചു വരുത്തി എന്നായിരുന്നു 17 കാരനായ പ്രതിയുടെ ആദ്യ മൊഴി.
അഭിരാമിന്റെ സുഹൃത്തിനെയാണ് പ്രതികൾ കൊല്ലാൻ ഉദ്ദേശിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ. 17 കാരനായ പ്രതിയുടെ മുൻ പെൺ സുഹൃത്തിന്, അഭിരാമിന്റെ സുഹൃത്തുമായുള്ള പ്രണയം പകയ്ക്ക് കാരണമായി. ഇയാളെ കൊല്ലാൻ അഭിറാം വഴി വിളിച്ചു വരുത്താൻ ശ്രമിച്ചു. എതിർത്തത് വാക്കുതർക്കത്തിനും കൊലയ്ക്കും കാരണമായെന്നാണ് പ്രതിയുടെ മൊഴി. ഇതോടെയാണ് കസ്റ്റഡിയിലുള്ള പെൺകുട്ടിയെയും കേസിൽ പ്രതി ചേർത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
കൊല്ലപ്പെട്ട അഭിരാമിന്‍റെ സുഹൃത്തുമായി അനന്തയെന്ന പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. അഭിരാമിനെ കൊലപ്പെടുത്തിയ 17 കാരനുമായി നേരത്തെ അടുപ്പത്തിലായിരുന്നു ഈ പെണ്‍കുട്ടി. ഇവർ തമ്മിൽ അകൽച്ചയിലായതിന് ശേഷമാണ് അഭിരാമിന്‍റെ സുഹൃത്തുമായി ബന്ധം സ്ഥാപിക്കുന്നത്. അടുത്തിടെ അനന്ത പഴയ കാമുകന് തന്‍റെ ഇപ്പോഴത്തെ കാമുകനൊപ്പമുള്ള ഫോട്ടോ അയച്ച് കൊടുത്തിരുന്നു. ഇതോടെ മുൻ കാമുകന്‍ അനന്തയുടെ പുതിയെ കാമുകനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. അഭിരാമിന്റ സുഹൃത്താണ് പുതിയ കാമുകൻ. ഇയാളെ വിളിച്ചു വരുത്തതാനാണ് അഭിരാമിനോട് വരാൻ പറഞ്ഞത്. കാമുകിയുടെ ഫോൺ ഇതിനായി രണ്ട് ദിവസത്തേക്ക് വാങ്ങിച്ചു. ഈ ഫോണിൽ നിന്ന് ഇൻസ്റ്റ മെസ്സേജ് അയച്ചു അഭിരാമിനെ വരുത്തി.
പാങ്ങപ്പാറ എത്തിയപ്പോൾ പുതിയ കാമുകനെ വിളിച്ചു വരുത്താൻ അഭിരാം തയാറായില്ല. ഇതേ ചൊല്ലി തർക്കം ഉണ്ടായി. ഇതിനിടയിൽ അച്ഛൻ അഭിരാമിനെ ഫോൺ വിളിച്ചു. ഇത് പ്രതി തടസ്സപ്പെടുത്തി. ഇതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ അഭിരാം ശ്രമിച്ചു. ഇതോടെ മർദ്ദിച്ച ശേഷം ബെൽറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി. ഇതിന് ശേഷം ഗുണ്ട ഉമറിനെ വിളിച്ചു വരുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. ഗുഢാലോചനയിൽ പെൺകുട്ടിയുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തത്.
പൊലീസ് വീഴ്ച്ച ഉണ്ടായെന്ന് അഭിരാമിന്റെ അച്ഛൻ
അന്വേഷണത്തിന്‍റെ തുടക്കത്തിൽ പൊലീസ് വീഴ്ച്ച ഉണ്ടായെന്ന് അഭിരാമിന്റെ അച്ഛൻ മധു. രാത്രിയിൽ കസ്റ്റഡിയിലെടുത്ത ശേഷം പ്രതിയെ വിട്ടയച്ചു. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വൈകിയത് ഇതുകാരണം. എന്നാൽ പിന്നീട് പൊലീസ് കാര്യമായി അന്വേഷിച്ചെന്നും കുടുംബം പറയുന്നു. അവസാനം വിളിച്ചപ്പോൾ മകൻ ഭയന്നാണ് സംസാരിച്ചതെന്നും അഭിരാമിന്റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam