
പത്തനംതിട്ട : കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പകകരം പത്രക്കെട്ട് പൊതിഞ്ഞു നൽകിയതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ഗുരുജി എന്ന ഗിരീഷ് കുമാർ, തിരുവല്ല സ്വദേശി ഗോപിക എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് ഇവർ യുവാവിനെ തട്ടിക്കൊണ്ടുപോയത്. 2021 മാർച്ചിൽ നടന്ന സംഭവത്തിൽ ഗാന്ധി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
10 പേരടങ്ങുന്ന സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് യുവാവ് സംഘത്തിന്റെ പക്കൽ നിന്ന് പണം വാങ്ങിയിരുന്നു. എന്നാൽ കഞ്ചാവ് നൽകുന്നതിന് പകരം ഇയാൾ പത്രക്കടലാസ് കൂട്ടിയിട്ട് പൊതിഞ്ഞാണ് കൊടുത്തത്. ഇതേ തുടർന്ന് പ്രകോപിതരായ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളിൽ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു. നീത് രവികുമാർ, അഭിഷേക് പി. നായർ, ചിക്കു എന്ന ഡി. ലിബിൻ, സതീഷ്, സജീദ്, രതീഷ് കുമാർ എന്നിവരെയാണ് പൊലീസ് നേരത്തേ പിടികൂടിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിനിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി.
സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് ഗിരീഷും ഗോപികയും പിടിയിലാകുന്നത്. ഗിരീഷിനെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ എസ് എച്ച് ഒ കെ ഷിജി, എസ് ഐ മാരായ പ്രദീപ് ലാൽ, മനോജ്, സി.പി.ഒ.മാരായ പ്രവീൺ, രാഗേഷ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam