തൃക്കരിപ്പൂർ പ്രിജേഷിന്‍റെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ, ഒരാള്‍ ഒളിവില്‍

By Web TeamFirst Published Dec 6, 2022, 2:10 PM IST
Highlights

തൃക്കരിപ്പൂർ പൊറോപ്പാട് സ്വാദേശികളായ മുഹമ്മദ്‌ ഷഹബാസ്, രഹനാസ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നാംപ്രതി സഫുവാൻ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. 

കാസര്‍കോട്: കഴിഞ്ഞ ഞായറാഴ്ച ഫോണ്‍ വന്നതിന് പിന്നാലെ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രിജേഷിന്‍റെ മരണം കൊലപാതകമെന്നും കൊലപാതകത്തില്‍ പങ്കുള്ള രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 

തൃക്കരിപ്പൂർ പൊറോപ്പാട് സ്വാദേശികളായ മുഹമ്മദ്‌ ഷഹബാസ്, രഹനാസ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നാംപ്രതി സഫുവാൻ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പയ്യന്നൂരില്‍ ലഘു പാനീയ കമ്പനിയുടെ വിതരണക്കാരനും ഡ്രൈവറുമായിരുന്നു പ്രിജേഷ്. ഞായറാഴ്ച വൈകീട്ട് പ്രിജേഷിന്‍റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ വരാമെന്നും പറഞ്ഞാണ് പ്രിജേഷ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, ഏറെ നേരം കഴിഞ്ഞും പ്രിജേഷ് തിരിച്ച് വന്നില്ല. ഇതേ തുടര്‍ന്ന് രാത്രിതന്നെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

എന്നാല്‍, ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഏറെ അകലെയല്ലാതെ തെങ്ങിന്‍ തോപ്പില്‍ പ്രിജേഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് സമീപത്ത് തന്നെ ഇയാളുടെ ബുള്ളറ്റുണ്ടായിരുന്നു. എന്നാല്‍ ധരിച്ചിരുന്ന ഷര്‍ട്ട് ദേഹത്തില്ലായിരുന്നു. പാന്‍റ് ധരിച്ചിരുന്നു. ദേഹം മുഴുവനും മണ്ണും ചെളിയും പറ്റിയ നിലയിലായിരുന്നു. അതോടൊപ്പം ദേഹത്താകെ മുറിവുകളുമുണ്ടായിരുന്നു. പ്രിജേഷ് ഉപയോഗിച്ചിരുന്ന ഹെല്‍മറ്റ് കുറച്ചേറെ മാറി വയലൊടി പാലം കഴിഞ്ഞുള്ള വളവില്‍ നിന്നാണ് കണ്ടെത്തിയത്. പാന്‍റിസിന്‍റെ കീശയില്‍ നിന്നും പേഴ്സ് ലഭിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. 

ഇതേതുടര്‍ന്ന് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ തന്നെ മുഹമ്മദ്‌ ഷഹബാസ്, രഹനാസിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കുറ്റകൃത്യത്തില്‍ പങ്കുള്ള മൂന്നാം പ്രതി സഫുവാന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. പ്രിജേഷിന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചന്ദേര ഇൻസ്‌പെക്ടർ  പി. നാരായണൻ,  SI ശ്രീദാസ്, SI സതീശൻ, ASI സുരേഷ് സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ റിജേഷ്, രമേശൻ, ദിലീഷ്, രതീഷ്, സുരേശൻ കാനം, ഷാജു പൊലീസുകാരായ സുധീഷ്, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കൂടുതല്‍ വായിക്കാന്‍:   ഫോണ്‍ വന്നതിന് പിന്നാലെ വീട്ടില്‍ നിന്നിറങ്ങി; പിറ്റേന്ന് മൃതദേഹം തെങ്ങിന്‍ ചുവട്ടില്‍, രണ്ട് പേര്‍ കസ്റ്റഡിയില്‍ 

 

click me!