മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

By Web TeamFirst Published Jan 16, 2019, 10:54 PM IST
Highlights

സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ബാലന്‍പിളള സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സില്‍ ഇന്നലെ മൂന്നോടെയാണ് സംഭവം. 

ഇടുക്കി:  സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ബാലന്‍പിളള സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സില്‍ ഇന്നലെ മൂന്നോടെയാണ് സംഭവം. പത്തനംതിട്ട പാറമട വീട്ടില്‍ റെജീബ്, തൂക്കുപാലം ചേന്നംകുളത്ത് സജി എന്നിവരാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് പിടിയിലായത്. 

രണ്ട് വളകളാണ് പണയത്തിനായി കൊണ്ടുവന്നത്. 19.83 ഗ്രാം തൂക്കമുള്ള ഇവയ്ക്ക് 43,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഉരുപ്പടികള്‍ കണ്ട് സംശയം തോന്നിയ ജീവനക്കാര്‍ ആധാര്‍ കാര്‍ഡുകള്‍ വാങ്ങിവച്ച ശേഷം കൊണ്ടുവന്ന സ്വര്‍ണ്ണാഭരണങ്ങളുടെ പ്യൂരിറ്റി ടെസ്റ്റ് നടത്തി. ടെസ്റ്റില്‍ ഉരുപ്പടികള്‍ സ്വര്‍ണം അല്ലെന്ന് കണ്ടതോടെ ജീവനക്കാര്‍ തന്ത്രപൂര്‍വ്വം നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഏരിയാ മാനേജരുടെ നിര്‍ദ്ദേശപ്രകാരം നെടുങ്കണ്ടം പോലീസിനെ വിവരം അറിയിക്കുകയും ഇവരെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. 

ഇതേ ഉരുപ്പടികള്‍ തൂക്കുപാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ പണയം വയ്ക്കാന്‍ ശ്രമം നടന്നിരുന്നു. ആവശ്യപ്പെട്ട തുക നല്‍കില്ലെന്ന് അറിയിച്ചതോടെയാണ് ഇവര്‍ ബാലന്‍പിള്ള സിറ്റിയിലെ സ്ഥാപനത്തെ സമീപിച്ചത്. മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. 

click me!