
കൊച്ചി: യുവാവിനെ ആളുമാറി ആക്രമിച്ച സംഭവത്തിലെ പ്രതികളെ പനങ്ങാട് പോലീസ് പിടികൂടി. പനങ്ങാട് ചേപ്പനം കടമ്പള്ളിൽ വീട്ടിൽ ആദർശ് കൃഷ്ണൻ (24) തൃപ്പൂണിത്തുറ ഏരൂർ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കുമ്പളത്ത് നൈറ്റ് കടയിൽ ചായ കുടിക്കാൻ എത്തിയ കുമ്പളം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ പ്രകോപനമില്ലാതെ മർദിച്ചത്. പൊടുന്നനെയുള്ള ആക്രമണത്തിൽ പകച്ചുപോയ യുവാവ് പ്രതിരോധിച്ചെങ്കിലും പ്രതികൾ കല്ലുകൊണ്ട് ഇയാളെ തലക്കടിച്ച് വീഴ്ത്തി. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ആക്രമണത്തെ തുടർന്ന് സ്ഥലം വിട്ട പ്രതികളെ അതിവേഗത്തിൽ പൊലീസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പ്രതികളാരെന്ന് മനസിലാക്കിയ പൊലീസിൻ്റെ നടപടി. കേസിലെ ഒന്നാംപ്രതി ആദർശിനെതിരെ തട്ടിക്കൊണ്ടുപോകൽ, അടിപിടി, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ രണ്ടാംപ്രതി ആദിത്യനെതിരെ അമ്പലമേട്, എടത്തല തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പനങ്ങാട് എസ്എച്ച്ഒ വിപിൻ ദാസിന്റെ നേതൃത്വത്തിൽ എസ്ഐ റഫീഖ്, പൊലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, രജീഷ് ഉപേന്ദ്രൻ അരവിന്ദ് കൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam