
കൊല്ലം: കൊട്ടിയത്ത് എംഡിഎംഎ വേട്ട. 11.78 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി. അയത്തിൽ സ്വദേശി അരുൺ മധു, പുന്തലത്താഴം സ്വദേശി ശരത്ത് മോഹൻ എന്നിവരാണ് പിടിയിലായത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നിർദ്ദേശ പ്രകാരം ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കൊട്ടിയം സിഐ പ്രദീപ്, ഡാൻസാഫ് എസ്ഐ സായി സേനൻ, എസ്ഐ കണ്ണൻ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വിപണിയിൽ 40000 രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. മുഖത്തല, തൃക്കോവിൽവട്ടം പ്രദേശങ്ങളിലെ പ്രധാന ലഹരി വിൽപനക്കാരാണ് ഇരുവരുമെന്നാണ് വിവരം. ഇവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയവരെ കണ്ടെത്താൻ അന്വേഷണം തുടരുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.