
തിരുവനന്തപുരം: ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു. പന്നിയോട് കുളവുപാറ കിഴക്കേക്കര വീട്ടിൽ ഗോമതി (61)യുടെ മാലയാണ് ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം പൊട്ടിച്ച് കടന്നത്. ഞായറാഴ്ച രാവിലെ 10.30 മണിയോടെ നടന്നു പള്ളിയിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന ഗോമതിയുടെ പിന്നാലെ എത്തിയ ബൈക്ക് കുളവുപാറയിൽ വിജനമായ വഴിയിൽ വച്ച് അടുത്ത് നിർത്തി. പിന്നിൽ ഇരുന്ന ആൾ അപ്രതീക്ഷിതമായി ഗോമതിയുടെ മുന്നിൽ ചാടിവീണ് രണ്ടു കൈകൊണ്ടും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഉടൻ ബൈക്കിൽ ചാടി കയറി പോവുകയും ചെയ്തു.
എന്താണ് സംഭവിച്ചത് എന്ന് മനസിലാകുവഴേക്കും കള്ളന്മാർ രണ്ടു പവൻ മാലയും ലോക്കെറ്റൂമായി കടന്നുകളഞ്ഞിരുന്നു. തുടർന്ന് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതുൾപ്പെടെ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഗോമതി.
Read more: പശുക്കൾ മോഷണം പോയതിൽ സംശയം പറഞ്ഞു; അയൽവാസിയെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ചു, അറസ്റ്റ്
അതേസമയം, കോഴിക്കോട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിൽ എത്തി പിടിച്ചുപറിച്ച ആൾ പിടിയിലായി. കാരന്തൂർ കൊളായിത്താഴത്ത് വെച്ചായിരുന്നു സംഭവം. കുറ്റിച്ചിറ സ്വദേശിയും ഇപ്പോൾ ഒടുമ്പ്ര യിൽ വാടകക്ക് താമസിക്കുന്ന ഫൈജാസ്(38)നെയാണ് പിടികൂടിയത്. ഡിസിപി ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്ന് സമർത്ഥമായ നീക്കത്തിലുടെ ഇയാളെ വലയിലാക്കിയത്.
കഴിഞ്ഞ എട്ടാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനെട്ട് കിലോമീറ്റർ ദൂരത്തിൽ നൂറോളം സിസിടിവികളും, മറ്റു ശാസ്ത്രീയ അന്വേഷണത്തിലൂടെയുമാണ് പ്രതിയിലേക്ക് എത്തുന്നത്. തുടർന്ന് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളെ നിരീക്ഷിച്ചു വരിയയായിരുന്നു. ഇരയായ സ്ത്രീ ജോലി ചെയ്ത പെട്രോൾപമ്പിലെ സിസിടിവിയിൽ നിന്നും ലഭിച്ച ചിത്രം പത്രത്തിലൂടെ പോലീസ് പുറത്തുവിട്ടിരുന്നു.