
തിരുവനന്തപുരം: അയൽവാസിയെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച യുവാവ് പിടിയിൽ. പൂവാർ കല്ലിംഗവിളാകം കാട്ടുപ്ലാവ് നിഷാ മൻസിലിൽ നിസാബ് മൊയ്തീനെ (33) യാണ് പൂവാർ പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസി കല്ലിംഗവിളാകം തൈപ്പലം വീട്ടിൽ തങ്കരാജനേയും ഭാര്യയേയുമാണ് കഴിഞ്ഞ 12-ാം തീയതി ഇയാൾ വീട്ടിൽ കയറി ആക്രമിച്ചത്. അടുത്തകാലത്ത് തങ്കരാജന്റ വീട്ടിൽ വളർത്തിയിരുന്ന പശുക്കൾ മോഷണം പോയിരുന്നു. ഇതേത്തുടർന്ന് പോലീസിന് നൽകിയ പരാതിയിൽ നിസാബ് മൊയ്തീനേയും സംശയിക്കുന്നതായി പറഞ്ഞിരുന്നു.
ഇതിലെ വൈരാഗ്യത്തിൽ പ്രതി തങ്കരാജന്റെ വീട്ടിൽ കല്ലുമായി അതിക്രമിച്ച് കയറി ഭീഷണി മുഴക്കി ആക്രമണം നടത്തിയ കേസിലാണ് അറസ്റ്റെന്ന് പൂവാർ പാേലീസ് പറഞ്ഞു. എസ് എച്ച് ഒ എസ്.ബി.പ്രവീൺ, എസ്.ഐ.തിങ്കൾ ഗോപകുമാർ , പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, ക്രിസ്റ്റഫർ, രതീഷ്, പ്രശാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അതേസമയം, അയൽവാസിയെ വീടുകയറി ആക്രമിക്കുകയും നെഞ്ചിൽ കുത്തുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് വാർഡ് 14 -ൽ പുളിമ്പറമ്പിൽ ആർ. രാജേഷ് (45) നെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു ആക്രമണം.
നഷ്ടപ്പെട്ട ഫോൺ അന്വേഷിച്ചെത്തിയവർക്ക് പ്രതിയുടെ വീട് കാണിച്ചു കൊടുത്തതിലുള്ള വൈരാഗ്യത്താലായിരുന്നു ആക്രമണം. അയൽവാസി ബാബു (56)വിനു നേരെ ആക്രമണം നടത്തുകയും കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയുമായിരുന്നു. അക്രമത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മണ്ണഞ്ചേരി എസ്ഐ കെ. ആർ. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.