
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും (Kuthiravattom Mental Health Center )ഭക്ഷ്യ സാധനങ്ങൾ കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാരെ വിജിലന്‍സ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരെയാണ് കോഴിക്കോട് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.
അന്തേവാസികൾക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലർ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവർക്കുമെതിരെ വിജിലന്‍സ് വകുപ്പ് തല നടപടിക്കും ശുപാർശ ചെയ്തു. ഭക്ഷ്യധാന്യങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വർഷവും വിജിലന്‍സ് പിടികൂടിയിരുന്നു. വിജിലന്‍സ് നല്‍കിയ വിവരങ്ങൾ ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർ നടപടികൾ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ചേർത്തല: ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി് രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് അർത്തുങ്കൽ പൊലീസിന്‍റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കൽ ജോസഫ് ഷാൻജിൻ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.
ഇവരുടെ കൈയ്യില്‍ നിന്നും 110 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. 56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.എറണാകുളത്തുനിന്നും ബൈക്കിൽ ചേർത്തല, അർത്തുങ്കൽഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ഒരു കുപ്പിക്ക് 7000 മുതൽ 10000 രൂപ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.