
കണ്ണൂർ: മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് കടത്തുന്നതിനിടെ പിടികൂടിയ രണ്ട് ടാങ്കർ ഡീസൽ കൂടി കെഎസ്‌ആർടിസിക്ക് കൈമാറി. രണ്ട് ടാങ്കറുകളിലായി ഉണ്ടായിരുന്ന 18,000 ലിറ്റർ ഡീസലാണ് വ്യാഴാഴ്‌ച കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോയിലെ പമ്പിലേക്ക് മാറ്റിയത്.
ലീഗൽ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ അളവ് തൂക്കം രേഖപ്പെടുത്തിയാണ് ഡീസൽ കൈമാറിയത്. ലിറ്ററിന് 66 രൂപയ്‌ക്കാണ് കെഎസ്‌ആർടിസിക്ക് ഡീസൽ കൈമാറിയത്. 11.88ലക്ഷം രൂപയാണ് കെഎസ്‌ആർടിസി നൽകിയത്. ഇതിലൂടെ 5,19,840 രൂപയുടെ ലാഭം ഉണ്ടായതായി കെഎസ്‌ആർടിസി അറിയിച്ചു.
അതേസമയം, മാഹിയിൽ വൻ ലഹരി മരുന്ന് വേട്ട നടന്നതിന്റെ വാർത്തയും പുറത്തുവന്നു. 20.670 ഗ്രാം എം ഡി എം എ യുമായി രണ്ടുപേരാണ് അറസ്റ്റിലായത്. സംഭവത്തിൽ ചൊക്ളി നിടുമ്പ്രം സ്വദേശി കരിയാലക്കണ്ടി റാഷിദ് തലശ്ശേരി നെട്ടൂർ സ്വദേശി ഷാലിൻ റോബർട്ട് എന്നിവരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. മാഹിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്ന് വില്പന നടത്തുന്നു എന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ പള്ളൂർ വയലിലെ കോ- ഓപ്പറേറ്റീവ് കോളേജിന് സമീപത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. മയക്കുമരുന്നിന് പുറമേ, യമഹ ബൈക്ക്, തൂക്കം നോക്കാനുപയോഗിക്കുന്ന ഡിജിറ്റൽ വേവിംഗ് മിഷൻ, മൂന്ന് മൊബൈൽ ഫോണുകൾ, രണ്ട് എ ടി എം കാർഡുകൾ എന്നിവയും പിടിച്ചെടുത്തു.സ്ഥിരം മദ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മാഹിയുൾപ്പെടുന്ന പോണ്ടിച്ചേരി സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം എം ഡി എം എ പോലുള്ള മയക്കുമരുന്ന് പിടികൂടുന്നതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam