
കണ്ണൂർ: പാനൂർ കണ്ടോത്തുംചാലിൽ നടുറോഡിൽ സ്ഫോടനം. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് രണ്ട് തവണ പൊട്ടിത്തെറിയുണ്ടായത്. നാടൻ ബോംബാണ് പൊട്ടിയതെന്നാണ് സംശയം. പ്രദേശത്ത് കഴിഞ്ഞ ജൂണിലും സമാനമായ സംഭവമുണ്ടായിരുന്നു.
ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാൽ റോഡിലാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പൊട്ടിത്തെറിയുണ്ടായി. ടാറിട്ട റോഡിൽ ചെറിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. പാനൂർ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും നാടൻ ബോംബിന്‍റേതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് ആവരണങ്ങളുമാണ് കണ്ടെടുത്തത്.
രണ്ട് ദിവസം മുമ്പ് സമീപത്തെ കുന്നിൽ പ്രദേശത്ത് നിന്നും സ്ഫോടനശബ്ദം കേട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ജൂൺ 23നും ഇതേ റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചിരുന്നു. ഏറ് പടക്കമെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ. അതിനും മാസങ്ങൾക്ക് മുമ്പ് കണ്ടോത്തുംചാലിൽ ഒരു വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ് ആക്രമവുമുണ്ടായി. ഇതിനും പിന്നിലാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പാനൂർ മേഖലയിൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ഫോടകവസ്തു നിർമാണം നടക്കുന്നുവെന്നാണ് ആക്ഷേപം. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തന്നെ മൂളിയാത്തോട് കഴിഞ്ഞ എപ്രിലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam