
തിരുവനന്തപുരം: വർക്കല ഇടവയിൽ നിന്നും നൂറ് കിലോയോളം വരുന്ന ചന്ദനത്തടികളുമായി രണ്ടുപേരെ പിടികൂടി. പാലക്കാട് നെല്ലായി മക്കടയിൽ മുഹമ്മദ് അലി (37), വർക്കല വെന്നിയോട് വെട്ടൂർ മേലേ കല്ലുവിള വീട്ടിൽ ആർ. വിഷ്ണു (29) എന്നിവരെയാണ് പിടികൂടിയത്. പത്ത് ലക്ഷത്തിലധികം വില വരുന്ന ചന്ദന തടികളാണ് കണ്ടെത്തിയത്.
ഇടവയിൽ ആൾ താമസം ഇല്ലാത്ത വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. വനം വകുപ്പിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. വീടിനുള്ളിൽ രഹസ്യ അറകളിൽ ചാക്കുകളിൽ ചന്ദനമുട്ടികൾ അട്ടിയായി അടുക്കികെട്ടിയ നിലയിലായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വീടുകളിൽ നിൽക്കുന്ന ചന്ദനമരം വാങ്ങി വില്പന നടത്തുന്ന സംഘമാണ് ഇവരെന്നാണ് സംശയിക്കുന്നത്.
എന്നാൽ ഇവരുടെ പിന്നിൽ വലിയൊരു റാക്കറ്റുണ്ടെന്ന് സംശയിക്കുന്നതായി പാലോട് ഫോറസ്റ്റ് റെയിഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. ഇവരുടെ കാറും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം