
വടക്കാഞ്ചേരി: കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ വിജിലൻസ് കെണിയിൽ വീണു. സ്ക്രാപ്പ് ഷോപ്പ് തുടങ്ങാൻ അനുമതി നൽകാനായി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നഗരസഭ ഓഫീസിൽ വെച്ച് വിജിലൻസ് ഉദ്യോഗസ്ഥരെ പിടികൂടിയത്. സ്ക്രാപ്പ് ഷോപ്പ് തുടങ്ങുന്നതിന് അനുമതി നൽകാനായി വടക്കാഞ്ചേരി സ്വദേശിയോട് 10,000 രൂപയാണ് നഗരസഭാ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് പരാതിക്കാരൻ തൃശ്ശൂർ വിജിലൻസിൽ അറിയിക്കുകയായിരുന്നു.
വടക്കാഞ്ചേരി നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിതേഷ് കുമാർ, കണ്ടിജൻ്റ് ജീവനക്കാരൻ സന്തോഷ് എന്നിവരെയാണ് കൈക്കൂലിയായി വാങ്ങിയ 3,000 രൂപയുമായി നഗരസഭ ഓഫീസിൽ വെച്ച് പിടികൂടിയത്. വിജിലൻസ് കൊടുത്തുവിട്ട പ്രത്യേക നോട്ടുകൾ കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
അങ്കമാലി: ഇടമലയാർ ജലസേചന പദ്ധതിയുടെ അങ്കമാലി ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി.എം. വിൽസൺ, കരാർ ലൈസൻസ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ കെണിയിൽ കുടുങ്ങി. പതിനയ്യായിരം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. ഒരു സി ക്ലാസ് കരാറുകാരന് കോൺട്രാക്ട് ലൈസൻസ് നൽകുന്നതിന് വേണ്ടിയാണ് എഞ്ചിനീയറായ വിൽസൺ പണം ആവശ്യപ്പെട്ടത്. കരാർ നൽകുന്നതിനായി ഇയാൾ ആവശ്യപ്പെട്ടത് ഇരുപത്തി അയ്യായിരം രൂപയായിരുന്നു. ഇതോടെ കരാറുകാരൻ വിജിലൻസ് കൊച്ചി യൂണിറ്റിനെ സമീപിക്കുകയും ഉദ്യോഗസ്ഥർ നൽകിയ 15,000 രൂപയുമായി വിൽസനെ സമീപിക്കുകയും ചെയ്തു. വിൽസൺ പണം വാങ്ങിയതിന് പിന്നാലെ വിജിലൻസ് സംഘം ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിൽസനെതിരെ മുമ്പും കൈക്കൂലി ആരോപണങ്ങൾ ഉയർന്നിട്ടുള്ളതായി വിജിലൻസ് അധികൃതർ അറിയിച്ചു. എറണാകുളം യൂണിറ്റ് ഡിവൈ.എസ്.പി. ടി.എം. വർഗ്ഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എഞ്ചിനീയറെ പിടികൂടിയത്.