കൊവിഡ് കാലത്തെ അതിജീവിച്ച് രണ്ട് കുഞ്ഞുങ്ങളുടെ കരള്‍ മാറ്റ ശസ്ത്രക്രിയകള്‍; നന്ദി അറിയിച്ച് രക്ഷിതാക്കള്‍

Web Desk   | Asianet News
Published : Aug 27, 2020, 06:27 PM IST
കൊവിഡ് കാലത്തെ അതിജീവിച്ച് രണ്ട് കുഞ്ഞുങ്ങളുടെ കരള്‍ മാറ്റ ശസ്ത്രക്രിയകള്‍; നന്ദി അറിയിച്ച് രക്ഷിതാക്കള്‍

Synopsis

മക്കളെ പൂര്‍ണ ആരോഗ്യത്തോടെ തിരികെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാന്‍ സഹായിച്ച ആരോഗ്യ വകുപ്പു മന്ത്രിക്കും സാമൂഹ്യ സുരക്ഷാ മിഷനും എസ് എ ടി യിലെയും ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്കും നന്ദി അറിയിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.

തിരുവനന്തപുരം: കടപ്പാടുകള്‍ അറിയിക്കാന്‍ വാക്കുകള്‍ക്കായി കിട്ടുന്നില്ല അബിനയുടെയും അദ്രിനാഥിന്റെയും രക്ഷിതാക്കള്‍ക്ക്. എഴുവയസു പ്രായമുള്ള അബിനയുടെ അച്ഛന്‍ കാഞ്ഞിരംകുളം സ്വദേശിയായ ബൈജുവും 10 മാസം മാത്രം പ്രായമുള്ള അദ്രിനാഥിന്റെ അച്ഛന്‍ കാഞ്ഞിരംകുളം സ്വദേശി ശ്യാംകുമാറും പിഞ്ചു കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി അവര്‍ക്കുമുന്നില്‍ വിലങ്ങുതടിയായി. 

മനസില്‍ തെളിഞ്ഞു വരുന്ന ഓമനമക്കളുടെ മുഖം അവരുടെ തീരുമാനം ഒന്നുകൂടി ബലപ്പെടുത്തി. രക്ഷിതാക്കള്‍ക്കുള്ള പിന്തുണയ്‌ക്കൊപ്പം കരള്‍ മാറ്റ ശസ്ത്രക്രിയ വഴി കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് മടക്കിയെത്തിക്കാന്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അവര്‍ക്കൊപ്പം കൈകോര്‍ക്കുകയായിരുന്നു.
എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്റോളജി ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടികള്‍ക്ക് നടത്തിയ പരിശോധനയില്‍ കരള്‍ മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് ഡോക്ടര്‍ കണ്ടെത്തി. 

കരള്‍ നല്‍കാന്‍ കുട്ടികളുടെ അച്ഛന്‍മാര്‍ തയ്യാറായെങ്കിലും അതിനു വേണ്ട സാമ്പത്തിക ചെലവ് കുടുംബാംഗങ്ങള്‍ക്ക് താങ്ങാവുന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി ശസ്ത്രക്രിയയ്ക്കുള്ള ചെലവ് കണ്ടെത്താന്‍ എസ് എ ടി അധികൃതര്‍ വഴി തേടിയത്. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഓഫീസ് ഇടപെട്ട് കൊവിഡ് കാലത്തെ തടസങ്ങള്‍ നീക്കി എത്രയും വേഗം കരള്‍ മാറ്റശസ്ത്രക്രിയ നടത്താന്‍ നടപടികളും സ്വീകരിച്ചു. 

തുടര്‍ന്ന് എസ് എ ടി സൂപ്രണ്ടും ശിശുരോഗ വിഭാഗം മേധാവിയുമായ ഡോ എ സന്തോഷ് കുമാര്‍, ശിശുരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ എസ് ബിന്ദു, കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ കെ എസ് പ്രശാന്ത് എന്നിവരടങ്ങിയ സംഘം ചികിത്സയ്ക്കും മറ്റുമുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. ചികിത്സാ ചെലവായി രണ്ടു കുട്ടികള്‍ക്കുമായി 20 ലക്ഷം രൂപ ലഭിച്ചു. 

ഇതേതുടര്‍ന്ന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തികരിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം കഴിഞ്ഞ ദിവസം എസ് എ ടി യില്‍ എത്തി. മക്കളെ പൂര്‍ണ ആരോഗ്യത്തോടെ തിരികെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാന്‍ സഹായിച്ച ആരോഗ്യ വകുപ്പു മന്ത്രിക്കും സാമൂഹ്യ സുരക്ഷാ മിഷനും എസ് എ ടി യിലെയും ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്കും നന്ദി അറിയിച്ച ശേഷമാണ് അവര്‍ മടങ്ങിയത്.

ആറു വര്‍ഷത്തിനുള്ളില്‍ എസ് എ ടി യില്‍ 9000ത്തിലേറെ കുട്ടികള്‍ ഉദര കരള്‍ രോഗത്തിനു ചികിത്സ തേടിയെത്തിയിട്ടുണ്ട്. അതില്‍ 15 കുട്ടികള്‍ക്ക് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ സഹായത്താല്‍ ചെലവേറിയ കരള്‍ മാറ്റ ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്തുകയും ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങും വഴി യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ; റിമാൻ്റ് ചെയ്തു
എല്ലാം പരിഗണിക്കും, പാലാ ഭരണം പിടിക്കാൻ എൽഡിഎഫ് പുളിക്കകണ്ടം കുടുംബവുമായി ചർച്ച നടത്തി, തീരുമാനമറിയിക്കാതെ കുടുംബം