
കൊച്ചി: കഞ്ചാവ് മാഫിയാ തലവന്മാരെ ഒറീസയിലെ വനാന്തരത്തിൽ പോയി സാഹസികമായി പിടികൂടി പൊലീസ്. കേരള, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസൺ ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയിൽ ഗന്ധ (27) എന്നിവരെയാണ് ഒറീസയിലെ ഉൾവനത്തിലെ ശ്രീ പള്ളി ആദിവാസി കുടിയിൽ നിന്നും തടിയിട്ട പറമ്പ് പൊലീസ് പിടികൂടിയത്. ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ തലവനാണ് സാംസൺ.
ദിനംപ്രതി നൂറുകണക്കിന് കിലോ കഞ്ചാവാണ് ഇത്തരത്തിൽ ഇയാൾ കയറ്റി വിടുന്നത്. കേരളത്തിലേക്കും ഇത്തരത്തിൽ നിരവധി പ്രാവശ്യം കഞ്ചാവ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ തടിയിട്ട പറമ്പ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ടു കിലോയോളം കഞ്ചാവുമായി ചെറിയാൻ ജോസഫ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. അതിന്‍റെ അന്വേഷണം നടക്കുന്നതിനിടയിൽ വാഴക്കുളത്ത് നിന്ന് 70 കിലോ കഞ്ചാവും , കുറുപ്പംപടിയിൽ വച്ച് വാഹനത്തിൽ കടത്തുകയായിരുന്ന 250 കിലോ കഞ്ചാവും പിടികൂടി.
തുടർന്നുള്ള അന്വേഷണമാണ് ഈ പ്രതികളിലേക്കെത്തിയത്. ഗ്രാമത്തിൽ നിന്ന് 38 കിലോമീറ്റർ അകലെയുള്ള ഉൾ വനത്തിലാണ് ഇവരുടെ താമസം. റോഡുകളോ മൊബൈൽ ടവറുകളോ ഇല്ലാത്ത പ്രദേശത്തേക്ക് തടയിട്ട പറമ്പ് എസ്.എച്ച്.ഒ വി.എം കേഴ്സൺ ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാഹസികമായെത്തി പ്രതികളെ പിടികൂടുകയായിരുന്നു. സാംസൺ മൊബൈൽ ഫോൺ ഉപയോഗിക്കുമായിരുന്നില്ല. സ്വന്തം അക്കൗണ്ടിലൂടെ പണമിടപാടും നടത്താറില്ല. ഇത് പ്രതികളിലേക്ക് എത്തുന്നതിന് ബുദ്ധിമുട്ടായി. ഈ വെല്ലുവിളികൾ തരണം ചെയ്താണ് ഇവരെ പിടികൂടിയത്. പ്രതികളെ ആദിവാസികൾ രക്ഷപ്പെടുത്തുന്നതിനും ശ്രമമുണ്ടായി. എസ്.എച്ച് ഒ വി.എം കേഴ്സണെ കൂടാതെ സീനിയർ സി പി ഒ കെ.കെ ഷിബു സി.പി. ഒമാരായ അരുൺ.കെ.കരുണൻ, പി.എ.ഷെമീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam