
തിരുവനന്തപുരം: തിരുവനന്തപുരം: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ചിരുന്ന കാർ അടിച്ച് തകർത്ത സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. പൗഡിക്കോണം പാണൻവിള നക്ഷത്രയിൽ അജിത്കുമാർ (43), ഇദ്ദേഹത്തിന്‍റെ അമ്മാവൻ കല്ലിയൂർ സ്വദേശി ജയപ്രകാശ് ഗൗതമൻ (75) എന്നിവരാണ് ബാലരാമപുരം പൊലീസ് കസ്റ്റയിലുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ബാലരാമപുരം കൊടിനട ജംഗ്ഷനിലാണ് സംഭവം.
കോട്ടയം അയർക്കുന്നം സ്വദേശി ജോർജ് ജോസി (48) ന്‍റെ കാറാണ് അടിച്ച് തകർത്തത്. ജോർജ് ജോസിന്‍റെ ഭാര്യയും മൂന്ന് മക്കളും ഒപ്പമുണ്ടായിരുന്നു. കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ കോട്ടയത്ത് നിന്നും ബാലരാമപുരത്ത് എത്തിയ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ജോസും കുടുംബവുമായി വന്ന ഫോർഡ് കാർ തൊട്ട് മുന്നിൽ പോയ അജിത് കുമാറിന്‍റെ സാൻഡ്രോ കാറിന്‍റെ പുറകിൽ തട്ടിയതാണ് സംഘർഷങ്ങൾക്ക് തുടക്കം.
കാർ തട്ടിയിട്ടും വാഹനം നിർത്താതെ ജോർജ് ജോസ് മുന്നോട്ട് പോകാന്‍ ശ്രമിച്ചത് അജിത് കുമാറിനെ ദേഷ്യം പിടിപ്പിച്ചു. ഉടൻ തന്നെ ഇദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങി ജോർജ് ജോസുമായി വാക്കേറ്റം തുടര്‍ന്നു. പിന്നാലെ കാറിന്‍റെ മുൻ ഗ്ലാസും ഡോർ ഹാൻഡിലും തകർത്തു. തർക്കം രൂക്ഷമായതോടെ നാട്ടുകാരും തടിച്ചുകൂടി. വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് അജിത്കുമാറിനെയും ഒപ്പമുണ്ടായിരുന്ന അമ്മാവനെയും ഇരുവരും സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റയിയില്‍ എടുക്കുകയായിരുന്നു.
ഇതിനിടെ തിരുവനന്തപുരത്ത് നിറമൺകരയിൽ നടുറോഡിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മര്‍ദിച്ച സഹോദരങ്ങളായ അഷ്കര്‍, അനീഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്ഐയ്ക്കും എഎസ്ഐയ്ക്കുമെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ട്രാഫിക് സിഗ്നലിൽ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്കറും അനീഷും ചൊവ്വാഴ്ച മർദ്ദിച്ചത്.
കൂടുതല്‍ വായനയ്ക്ക്: ഹോണടിച്ചെന്ന് ആരോപിച്ച് നടുറോഡിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസ്; പ്രതികളെ റിമാന്‍ഡ് ചെയ്തു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam