
ഇടുക്കി: ഇടുക്കിയിലെ ഭൂവിനിയോഗ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയുള്ള സർക്കാർ ഉത്തരവ് മലയോരമേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്വന്തം ഭൂമിയിൽ ഒരു സംരഭം തുടങ്ങുന്നത് പോലും നിഷേധിക്കുന്നതാണ് പുതിയ ഉത്തരവെന്നാണ് പരാതി.
അണക്കര സ്വദേശി റെനിയും പാമ്പുപാറ സ്വദേശി റെജിയുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പെട്രോൾ പമ്പ് തുടങ്ങുന്നതിനായി ഇരുവരും പതിനാറ് സർക്കാർ ഓഫീസുകളിൽ മാസങ്ങളോളം കയറിയിറങ്ങിയാണ് വേണ്ട പേപ്പറുകളെല്ലാം ശരിയാക്കിയത്. ജില്ലാ കളക്ടറുടെ ഭാഗത്ത് നിന്നുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുമ്പോഴായിരുന്നു ഇടുത്തീയായി പുതിയ സർക്കാർ ഉത്തരവ് വന്നത്.
ലക്ഷങ്ങൾ മുടക്കിയാണ് പെട്രേൾ പമ്പ് എന്ന പദ്ധതിക്ക് തുടക്കമിട്ടതെന്നും പുതിയ ഉത്തരവനുസരിച്ച് തങ്ങൾ ഒടിയതെല്ലാം പാഴാവുകയാണെന്നും റെനി പറയുന്നു. പ്രളയവും കാലാവസ്ഥ വ്യതിയാനവുമൊക്കെയായി കൃഷിയിൽ വലിയ നഷ്ടം നേരിട്ടതോടെയാണ് മറ്റ് സംരഭങ്ങളിലേക്ക് കടക്കാൻ ഇരുവരും തീരുമാനിച്ചത്.
ഇടുക്കിക്ക് മാത്രമായി ഇത്തരമൊരു ഉത്തരവ് വന്നതിൽ ദുരൂഹതയുണ്ടെന്നും പ്രളയത്തിൽ സർവ്വതും നശിച്ച മലയോരജനതയെ സർക്കാർ വീണ്ടും ദ്രോഹിക്കുന്നു എന്നുമാണ് ഇവരുടെ ആരോപണം.
ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി കഴിഞ്ഞ ഓഗസ്റ്റ് 22നാണ് സർക്കാർ ഉത്തരവിറക്കിയത്. ഭേദഗതി വരുത്തിയ സർക്കാർ ഉത്തരവനുസരിച്ച് ഇടുക്കിയിൽ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാൻ സാധിക്കൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല. ഭേദഗതി പ്രകാരം പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഇനി മുതൽ വില്ലേജ് ഓഫീസറുടെ എൻഒസിയും ആവശ്യമായി വരും.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam