
ഇടുക്കി: രണ്ട് മാസമായി മെഴുകുതിരി വെട്ടത്തിൽ പഠിച്ചിരുന്ന ഇടുക്കി വണ്ടിപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടിൽ ഉടന്‍ വൈദ്യുതിയെത്തും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്. രണ്ട് ദിവസത്തിനുള്ളിൽ കുട്ടികളുടെ വീട്ടിൽ കെഎസ്ഇബി പുതിയ കണക്ഷൻ നൽകും. കുട്ടികളുടെ ദുരവസ്ഥ സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
രണ്ടര മാസം അനുഭവിച്ച ദുരിതത്തിന് പരിഹാരമുണ്ടാകുന്നു എന്നറിഞ്ഞപ്പൾ ഹാഷിനിക്കും ഹർഷിനിക്കും സന്തോഷം അടക്കാനാകുന്നില്ല മെഴുകുതിരി വെട്ടത്തിലിരുന്ന പഠിക്കേണ്ടി വന്ന ഇവരുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഇടപ്പെട്ടത്. കുട്ടികളുടെ വീടിനടുത്തുള്ള വണ്ടിപ്പെരിയാർ ക്ലബിൽ നിന്നുമായിരുന്ന ഇവരുടെ വീട്ടിലേക്ക് കറണ്ടെത്തിയിരുന്നത്. ഈ കണക്ഷൻ പുനഃസ്ഥാപിക്കാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് കെഎസ്ഇബി അറിയിച്ചി രുന്നു. വീടിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനെ പോബ്സ് മാനേജ്മെൻ്റ് എതിർത്തതോടെ പുതിയ കണക്ഷൻ നൽകാനും കഴിയാതായി. തുടർന്ന് ജില്ലാ കളക്ടർ കുട്ടികളുടെ കുടുംബവും പോബ്സ് മാനേജ്മെന്റുമായും നടത്തിയ ചർച്ചയിലാണ് പരിഹാരമായി. വീട്ടിലേക്ക് വൈദ്യിതി കണക്ഷൻ എടുക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുത്തച്ഛനായ വിജയൻ പോബ്സ് മാനേജ്മെൻ്റിന് കത്ത് നൽകി. സ്ഥിരതാമസക്കാരാണെന്ന സർട്ടിഫിക്കറ്റ് വണ്ടിപ്പെരിയാർ പഞ്ചായത്തും നൽകും.
ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ കുട്ടികളുടെ മുത്തശ്ശൻ വിജയൻ്റെ പേരിൽ പുതിയ കണക്ഷൻ ലഭിക്കും. വീടിനടുത്ത് ഒരു പോസ്റ്റിട്ടാൻ ഇവർക്ക് വൈദ്യുതി കണക്ഷൻ നൽകാനാകും. ബിപിഎൽ വിഭാഗത്തിൽ പെട്ടവരായതിനാൽ പോസ്റ്റിന് പണമടക്കേണ്ടി വരില്ലെന്നും കെഎസ്ഇബി കളക്ടറെ അറിയിച്ചിട്ടുണ്ട്.