ക്ലാസിൽ കയറാതെ ആനയെ കാണാൻ പോയി, അധ്യാപകൻ ശകാരിച്ചതോടെ കുട്ടികൾ നാടുവിട്ടു; ഒടുവിൽ കണ്ടെത്തി

By Web TeamFirst Published Nov 3, 2021, 7:14 PM IST
Highlights

അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് കുട്ടികളോട് പറഞ്ഞു.ഇതോടെ കുട്ടികൾ പരിഭ്രാന്തരായി കൂട്ടുകാരന്റെ വീട്ടിൽ ബാഗ് ഏൽപ്പിച്ച് മുങ്ങുകയായിരുന്നു. 

തൊടുപുഴ: ക്‌ളാസിൽ കയറാതെ ആനയെ കാണാൻ പോയതിന് അധ്യാപകൻ ശകാരിച്ചതോടെ വിദ്യാർഥികൾ നാടുവിട്ടു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടികളെ പൊലീസ് കണ്ടെത്തി. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം. തൊമ്മന്‍കുത്ത് സ്വദേശികളായ പതിനാലുകാരായ പ്രണവ്, ആദിദേവ് എന്നിവരാണ് ക്ലാസിൽ പോകാതിരുന്നതിന് രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുമെന്ന് ഭയന്ന് നാടുവിട്ടത്. 

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്നിറങ്ങിയ കുട്ടികൾ സ്കൂളിൽ കയറാതെ സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ആനയെ കാണാൻ പോയി.  ഇക്കാര്യം അറിഞ്ഞ അധ്യാപകൻ സ്കൂളിൽ വരാതിരുന്ന വിവരം വീട്ടിൽ വിളിച്ചറിയിക്കുമെന്ന് കുട്ടികളോട് പറഞ്ഞു.
ഇതോടെ കുട്ടികൾ പരിഭ്രാന്തരായി കൂട്ടുകാരന്റെ വീട്ടിൽ ബാഗ് ഏൽപ്പിച്ച് മുങ്ങുകയായിരുന്നു. 

ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി നൽകിയ മൊബൈൽ ഫോൺ കുട്ടികളിൽ ഒരാളുടെ കൈവശമുണ്ടായിരുന്നു. സ്കൂളിൽ പോകാതെ ആനയെ കാണാൻ പോയ വിവരം വീട്ടിലറിഞ്ഞാൽ അച്ഛൻ തല്ലുമെന്നും അതിനാൽ ഞങ്ങൾ നാടുവിടുകയാണെന്നുമാണ് ഈ മൊബൈലിൽ നിന്നും കുട്ടി സുഹൃത്തിന് മെസേജ് അയച്ചിരുന്നു. ഇതോടെപ്പം സുഹൃത്തിന്റെ വീട്ടിൽ എൽപ്പിച്ച നോട്ടുബുക്കിൽ കത്തും എഴുതി വെച്ചിരുന്നു.

കുട്ടികളെ കാണാതായതോടെ വീട്ടുകാരും അധ്യാപകരും ഭയന്നു. കാര്യമറിഞ്ഞതോടെ പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിൽ തുടങ്ങി. ഇന്നലെ ഒരു ദിവസം തിരഞ്ഞിട്ടും കുട്ടികളെ കണ്ടെത്തിയിരുന്നില്ല. ഒടുവിൽ കോതമംഗലത്തിനടുത്ത് കോടനാട് വെച്ചാണ് ഇന്ന് കുട്ടികളെ കണ്ടെത്തിയത്. ഇരുവരുംഇപ്പോള്‍ കോടനാട് പൊലീസ് സ്റ്റേഷനിലാണുള്ളത്. 

click me!