കോഴിക്കോട് താമരശേരിയിൽ പണമിടപാട് തർക്കത്തെ തുടർന്ന് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന മുഹമ്മദ് ഇർഫാനെയാണ് മാവൂർ പൊലീസ് പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങൾ ചികിത്സയിലാണ്.

കോഴിക്കോട്: മാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി അക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ സഹോദരങ്ങളെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവലങ്ങൾ പുറത്ത്. ലഹരി മരുന്ന് കടത്ത് ഒറ്റിയെന്ന സംശയത്തിലാണ് ഇര്‍ഫാന്‍ അക്രമം നടത്തിയതെന്ന് പരിക്കേറ്റ തന്‍സിഫ് പറഞ്ഞു. ഇര്‍ഫാന്‍ സ്ഥിരമായി ലഹരി കടത്തുന്നയാളാണ്. ഇക്കാര്യം പുറത്ത് പറയുമെന്ന് പറഞ്ഞതിന് ഭീഷണിപ്പെടുത്തി. ഇർഫാന് പിന്നിൽ ആളുകളുണ്ടെന്നും കുടുംബത്തെ ഇവർ ഇല്ലാതാക്കുമെന്ന് ഭയമുണ്ടെന്നും തൻസീഫ് പറയുന്നു. ദില്ലിയില്‍ നിന്നെത്തിച്ച തോക്ക് ഇര്‍ഫാന്‍ കൈവശം വെച്ചിരുന്നുവെന്നും തന്‍സിഫ് ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസമാണ് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ ഒളിവില്‍ പോയ ഇർഫാനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് താമരശ്ശേരിയിലെ കൊടിയത്തൂര്‍ പഴംപഴമ്പറമ്പ് സ്വദേശികളെ പാഴൂരില്‍ വെച്ച് വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ കുറ്റാരോപിതനായ മുഹമ്മദ് ഇര്‍ഫാനെയാണ് മാവൂര്‍ പൊലീസ് പിടിക്കൂടിയത്. സുഹൃത്തുക്കളായ തന്‍സീഫും ഇര്‍ഫാനും തമ്മില്‍ ഉണ്ടായ പണമിടപാടിന്റെ പേരില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ ഇര്‍ഫാന്‍ തൻസീഫിന്റെ വീട്ടില്‍ പോയി മര്‍ദ്ദിച്ചതാണ് സംഭവത്തിന്റെ തുടക്കം.

ഗുരുതരമായി പരിക്കേറ്റ തന്‍സീഫിനെ ഇര്‍ഫാന്‍ തന്നെയാണ് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഹോസ്പിറ്റലില്‍ നിന്നും കടന്നുകളഞ്ഞ ഇര്‍ഫാനെ പോകുന്ന വഴിയില്‍ പാഴൂരില്‍ വെച്ച് തന്‍സീഫിന്റെ സഹോദരങ്ങളായ തസ്‌നീമും തന്‍സീമും ചേര്‍ന്ന് ബൈക്കുമായി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ ഇര്‍ഫാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാവൂര്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ്, എസ്.ഐ സലിം മുട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.