
തിരുവനന്തപുരം: വിതുര ചേന്നമ്പാറ ജംഗ്ഷനിൽ കാർ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. പതിനാല് വയസുകാരായ ഗോപകുമാർ, വിന്‍റോ എന്നിവർക്കാണ് പരുക്കേറ്റത്. ചേന്നമ്പാറ ജങ്ഷനിൽ ഇറങ്ങി റോഡിലൂടെ നടക്കുന്നതിനിടെ നെടുമങ്ങാട് ഭാഗത്ത് നിന്നും നിയന്ത്രണം വിട്ടെത്തിയ കാർ ഇവരെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പ്രഭാത സവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ച് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാവ് മരിച്ചു
അപ്രതീക്ഷിതമായി പിന്നിൽ നിന്നും കാറിടിച്ചതോടെ റോഡിലേക്ക് വീണ കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നാലെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്. കുട്ടികളെ ഇടിച്ച ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിലും ഇടിച്ചാണ് വാഹനം നിന്നത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത പ്രഭാത സവാരിക്കിടെ കോണ്‍ഗ്രസ് നേതാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു എന്നതാണ്. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മയിഖം (മേലേപറമ്പ്) വീട്ടില്‍ എം ആര്‍ രവീന്ദ്രന്‍ നായര്‍ (എം ആര്‍ രവി -71) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറിന് ചേര്‍ത്തല അരൂക്കൂറ്റി റോഡില്‍ കുഞ്ചരത്ത് വച്ചായിരുന്നു അപകടം. അരൂക്കുറ്റിയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി റോഡിന്റെ അരുകില്‍ കൂടി നടന്നു വരികയായിരുന്ന എം ആര്‍ രവിയെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൃച്ചാറ്റുകുളം എന്‍ എസ് എസ് ഹൈസ്‌കൂളില്‍ കെ എസ് യു പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ച എം ആര്‍ രവി പാണാവള്ളിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പാണാവള്ളി ഗ്രാമ പഞ്ചായത്ത് അംഗം, പാണാവള്ളി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, ഡി സി സി എക്‌സിക്യൂട്ടീവ് അംഗം, ഇരുപത്തിയഞ്ചു വര്‍ഷമായി പാണാവള്ളി 901 സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം, അഗ്രിക്കള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ചേര്‍ത്തല നാളികേര വികസന സൊസൈറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം