
എടത്വ: കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. എടത്വ - തകഴി സംസ്ഥാന പാതയിൽ കേളമംഗലം പറത്തറ പാലത്തിന് സമീപം ബുധനാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാർ തെറിച്ച് റോഡിൽ തലയടിച്ച് വീണു. ബസിന് അടിയിൽപെട്ട സ്കൂട്ടർ ഇരുനൂറ് മീറ്ററോളം നിരങ്ങി നീങ്ങിയാണ് നിന്നത്. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹനനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സോമൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കെ.എസ്.ആർ.ടി.സി ബസ് റോഡിലെ എതിർ ദിശയിലേക്ക് നിയന്ത്രണം വിട്ട്, സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് പരിസരത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നു. ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ബസ് തിരുവല്ല ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാർ തകഴിയിലെ ഒരു തടി മില്ലിൽ പണിക്ക് പോകുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam