
തിരുവനന്തപുരം: സെവൻഅപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. എന്നാൽ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കുന്നത്തുകാൽ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്പതികളുടെ മകന്‍ ആരോണാണ് മരണപ്പെട്ടത്.
കൂലിപ്പണിക്കാരനായ പിതാവ് അനിൽ രണ്ടുവര്‍ഷം മുമ്പ് മാവില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് വീട്ടില്‍ കിടപ്പിലാണ്. അമ്മയും വീട്ടിലുണ്ടായിരുന്നു. അടുക്കളയുടെ സമീപത്ത് കിടന്ന കസേരയെ നീക്കി അലമാരയ്ക്ക് താഴെയെത്തിച്ച് അതില്‍ കയറിയാണ് കുഞ്ഞ് അലമാരയില്‍ കരുതിയിരുന്ന മണ്ണെണ്ണ എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുപ്പിയിലുണ്ടായിരുന്ന മണ്ണെണ്ണ പകുതി കുടിച്ച ഉടന്‍ അലറി കരഞ്ഞ ആരോണിനെ ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളെജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്നാട് പളുഗൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam