നട്ടെല്ല് തകര്‍ന്ന് കിടപ്പിലായിട്ട് രണ്ട് വര്‍ഷം; കുടുംബനാഥന്‍ സഹായം തേടുന്നു

By Web TeamFirst Published Oct 19, 2018, 10:33 PM IST
Highlights

വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബനാഥന്‍ വിദഗ്ദ്ധ ചികിത്സക്കായി സഹായം തേടുന്നു. മീനങ്ങാടി കുട്ടിരാംപാലത്തിന് സമീപത്തെ ദേശീയപാത പുറമ്പോക്കില്‍ താമസിക്കുന്ന ശ്രീപുരം മണികണ്ഠന്‍ (36) ആണ് നട്ടെല്ല് തകര്‍ന്ന് രണ്ട് വര്‍ഷമായി കിടപ്പിലായിരിക്കുന്നത്. രണ്ട് മക്കളും ഭാര്യയും അമ്മയും അടങ്ങുന്നതാണ് മണികണ്ഠന്റെ കുടുംബം. 
 

കല്‍പ്പറ്റ: വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബനാഥന്‍ വിദഗ്ദ്ധ ചികിത്സക്കായി സഹായം തേടുന്നു. മീനങ്ങാടി കുട്ടിരാംപാലത്തിന് സമീപത്തെ ദേശീയപാത പുറമ്പോക്കില്‍ താമസിക്കുന്ന ശ്രീപുരം മണികണ്ഠന്‍ (36) ആണ് നട്ടെല്ല് തകര്‍ന്ന് രണ്ട് വര്‍ഷമായി കിടപ്പിലായിരിക്കുന്നത്. രണ്ട് മക്കളും ഭാര്യയും അമ്മയും അടങ്ങുന്നതാണ് മണികണ്ഠന്റെ കുടുംബം. 

മണികണ്ഠന്‍ കിടപ്പിലായതോടെ നിത്യചെലവുകള്‍ക്കായി പ്രായാധിക്യം വകവെക്കാതെ മണികണ്ഠന്റെ മാതാവ് വള്ളിയമ്മ വീട്ടുജോലികള്‍ക്ക് പോകുകയാണിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് തൃശ്ശിനാപ്പള്ളിയില്‍ നിന്ന് വയനാട്ടില്‍ ജോലിക്കായി എത്തിയതാണ് വള്ളിയമ്മയുടെ കുടുംബം. പിന്നീട് ഇവര്‍ മീനങ്ങാടിയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. 

തമിഴ്‌നാട്ടിലെ കുടുംബത്തെ കാണാന്‍ പോയപ്പോള്‍ ഓട്ടോ മറിഞ്ഞാണ് മണികണ്ഠന് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിന് പിന്നിലെ മൂന്ന് പ്രധാന ഞരമ്പുകള്‍ പൊട്ടി. ഒരു വര്‍ഷത്തോളം തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷം വിദ്ഗദ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ വയനാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

അപകടം വരുത്തിയ വാഹനത്തിന് രേഖകള്‍ ഇല്ലാത്തതിനാല്‍ ഇന്‍ഷൂറന്‍സ് സഹായം ലഭിച്ചില്ല. പോലീസും ഈ കുടുംബത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചില്ല. കേസില്‍ ഇതുവരെ എഫ്.ഐ.ആര്‍ ഇടാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് കുടുംബം പറയുന്നു. യാദൃശ്ചികമായുണ്ടായ ദുരന്തത്തിലും കിട്ടാവുന്നിടത്തോളം പണം സംഘടിപ്പിച്ച് വള്ളിയമ്മയും ഭാര്യ പ്രയിയും ചികിത്സി നടത്തി. എങ്കിലും വിദഗ്ദ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ പറയത്തക്ക മാറ്റമൊന്നുമില്ലെന്ന് ഇവര്‍ പറയുന്നു. 

പരസഹായമില്ലാതെ ഒന്നിനുമാവാത്ത സ്ഥിതിയാണ്. പാലിയേറ്റീവ് കെയറില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരെത്തി മരുന്നും മറ്റും നല്‍കുന്നുണ്ട്. എന്നാല്‍ കോഴിക്കോട് ആശുപത്രിയില്‍ പോയുള്ള വിശദമായ പരിശോധനക്ക് പണച്ചിലവേറെയാണ്. കോഴിക്കോട് 'തണല്‍' എന്ന ആശുപത്രിയില്‍ മികച്ച ചികിത്സ ഉണ്ടെന്ന് കുടുംബം പറയുന്നു. ഇതിനുള്ള സാമ്പത്തികമാണ് ഇവരെ പിന്നോട്ടടിപ്പിക്കുന്നത്. 

എ.പി.എല്‍ ആയിരുന്ന റേഷന്‍ കാര്‍ഡ് ഈ അടുത്ത കാലത്താണ് ബി.പി.എല്ലിലേക്ക് മാറ്റിയത്. ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിലാകട്ടെ അമ്മയുടെ പേര് മാത്രമാണുള്ളത്. തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു മണികണ്ഠന്‍. മക്കള്‍: ഹര്‍ഷിനി (നാലര), ഹര്‍ഷന്‍ (ഒന്നര). മണികണ്ഠന്റെ ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍: ഫെഡറല്‍ ബാങ്ക്, മീനങ്ങാടി ശാഖ. എക്കൗണ്ട് നമ്പര്‍: 17710100046403, ഐ.എഫ്.എസ്.സി കോഡ്: FDRL0001771. ഫോണ്‍: 9188877416.

click me!