കോഴിക്കോട് നഗരത്തില്‍ പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ

By Web TeamFirst Published Dec 30, 2020, 12:24 PM IST
Highlights

കോഴിക്കോട് ടൗൺ പൊലീസിന് നേരെ ചൊവ്വാഴ്ച പുലർച്ചെ 12.20 ഓടെയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ പൊലീസ് ജീപ്പിന്റെ ചില്ലുകൾ തകർന്നു.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം നടന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
കോഴിക്കോട് ടൗൺ പൊലീസിന്‍റെ ജീപ്പ് എറിഞ്ഞ് തകർത്ത കേസിലാണ്  കൊളത്തറ സ്വദേശി സുമീർ , പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവർ അറസ്റ്റിലായത്.

കോഴിക്കോട് ടൗൺ പൊലീസിന് നേരെ ചൊവ്വാഴ്ച പുലർച്ചെ 12.20 ഓടെയാണ് ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡിൽവെച്ചാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ പൊലീസ് ജീപ്പിന്റെ ചില്ലുകൾ തകർന്നു. ജീപ്പിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ജയ്സണ് പരിക്കേറ്റു.

ഒയിറ്റി റോഡിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ടുപേർ ഓടി ഒളിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യും ഹോംഗാർഡും പുറത്തിറങ്ങി ഇവർക്കു പിന്നാലെ ഓടി. അതിനിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്.

കോഴിക്കോട് നഗരത്തിൽ  ലഹരി, മോഷണ കേസുകൾ ടൗൺ പൊലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് മാഫിയയുടെയും ഗുണ്ടാസംഘത്തിന്റെയും വേരറുക്കുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സങ്കേതത്തിലും മറ്റും പൊലീസ് നിരന്തരം പരിശോധന നടത്തുന്നുണ്ട്. 

സി.ഐ. ഉമേഷിന്റെയും എസ്.ഐ. കെ.ടി.ബിജിത്തിന്റെയും നേതൃത്വത്തിൽ ദിവസവും പട്രോളിംഗും റെയ്ഡും നടക്കുന്നത് മയക്കുമരുന്നു സംഘത്തിന് ഭീഷണിയായി മാറി. അടുത്തിടെ ട്രാൻസ്ജെൻഡേഴ്സിനെ തേടി അസമയത്ത് എത്താറുള്ളവർക്കെതിരേയും പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. 
 

click me!