
ചാരുംമൂട്: ആലപ്പുഴ ചാരുംമൂട്ടിൽ നിന്നും അന്തർസംസ്ഥാന മയക്കുമരുന്ന് സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ രാമപുരത്ത് നെല്ലിശ്ശേരി വീട്ടിൽ അബ്ദുൾ ലത്തീഫ്(35), മാവേലിക്കര വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനിൽ സുമേഷ് കുമാർ(46), അടൂർപള്ളിക്കൽ പഴകുളം പന്ത്രാക്കുഴി വീട്ടിൽ ഷാഹുൽ ജമാൽ എന്നിവരെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നും എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു.
നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ പി.കെ ഖാന്‍റെ (ഷൈജു ഖാൻ) ഉടമസ്ഥതയിലുള്ള ചാരുംമൂട് പാലംമൂട് ജംഗ്ഷന് സമീപമുള്ള ഒറ്റമുറി വീട്ടിൽ നിന്നാണ് സംഘം പിടിയിലായത്. പത്തനംതിട്ട എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ ബൈജു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അബ്ദുൾ ലത്തീഫ് നിരവധി മയക്കുമരുന്ന് കേസിലും സുമേഷ് കൊലപാതക കേസിലും പ്രതികളാണ്.
ഷൈജുഖാന്റെ സഹായിയാണ് ഷാഹുൽ ജമാൽ. സർക്കിൾ ഇൻസ്പെക്ടർ എം മഹേഷ്, പ്രിവന്റീവ് ഓഫീസർ എൻ പ്രസന്നൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം റെനി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് ആർ റഹീം, എസ് ദിലീഷ്, എസ് സന്തോഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജീന വില്യംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More : കപ്പലിൽ ജോലി ! ഏജന്‍റിനെ വിശ്വസിച്ച് 5 ലക്ഷം നൽകി, പക്ഷേ ചതി; മലയാളി യുവാവിന്‍റെ ആത്മഹത്യ, പിന്നാലെ ഭീഷണിയും