മലുപ്പുറത്ത് വൻ കഞ്ചാവ് വേട്ട: കാറിൽ കടത്താൻ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

By Web TeamFirst Published Apr 19, 2021, 11:48 PM IST
Highlights

ആന്ധ്ര പ്രദേശിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ജില്ലയിലെ വിവിധ ഇടങ്ങളിൽ മൊത്തവിതരണം നടത്തുകയാണ്  പിടിയിലായ പ്രതികളുടെ രീതി. 

തിരൂരങ്ങാടി: മലപ്പുറത്ത് തലപ്പാറയിൽ ദേശീയപാതയില്‍ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 175 കിലോ കഞ്ചാവുമായി രണ്ട് പേർ പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായി. ചേലേമ്പ്ര സ്വദേശി പാലശേരി ഫിറോസ് എന്ന ഹസ്സൻ കുട്ടി, ഫറോക്ക് പെരുമുഖം സ്വദേശി മണ്ണാൻ കണ്ടി വീട്ടിൽ അബ്ദുൽ ഖാദർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം എട്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ പെരുവള്ളൂരിൽ നിന്നും എക്‌സൈസ് പിടികൂടിയിരുന്നു. 

ഈ പ്രതികളിലൂടെയാണ് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന സംഘത്തെ ഇപ്പോൾ എക്‌സൈസ് പിടികൂടിയിരിക്കുന്നത്. ദേശീയപാത തലപ്പാറക്ക് സമീപം വലിയ പറമ്പിൽ ഉച്ചയോടെണ് കഞ്ചാവ് കടത്ത് സംഘത്തെ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്. രണ്ട് കിലോയുടെ പാക്കറ്റുകളാക്കിയ 175 കിലോ കഞ്ചാവാണ് ഇവരെത്തിയ കാറിൽ നിന്നും പിടിച്ചെടുത്തത്. 

സംഘം എത്തിയ വാഹനം എക്‌സൈസ് തടഞ്ഞെങ്കിലും ഇവർ തൊട്ടടുത്ത പ്രദേശത്തേക്ക് കാറ് കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെയും എക്‌സൈസ് പിടികൂടി. ആന്ധ്ര പ്രദേശിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ജില്ലയിലെ വിവിധ ഇടങ്ങളിൽ മൊത്തവിതരണം നടത്തുകയാണ് ഇവരുടെ രീതി. പ്രതികളുമായി ബന്ധമുള്ള കൂടുതൽ കഞ്ചാവ് കടത്ത് സംഘത്തെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.
 

click me!