എംഡിഎംഎയുമായി രണ്ട് യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിൽ

By Web TeamFirst Published Apr 30, 2022, 7:56 PM IST
Highlights

മാരകലഹരി വസ്തുവായ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. റൂറൽ ജില്ലാ ലഹരി വിരുദ്ധ സേനയും കഠിനംകുളം പോലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: മാരകലഹരി വസ്തുവായ എംഡിഎംഎ യുമായി രണ്ട് യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. റൂറൽ ജില്ലാ ലഹരി വിരുദ്ധ സേനയും കഠിനംകുളം പോലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മടവൂർ, അയണിക്കാട്ടുകോണം പത്മവിലാസത്തിൽ നിന്നും നാവായിക്കുളം വെട്ടിയറ താമസിക്കുന്ന നന്ദു എന്ന് വിളിക്കുന്ന അഖിൽ ( 24) ,പാരിപ്പള്ളി , കിഴക്കനേല ഒരുമ ജംഗ്ഷനിൽ പടത്തൻപാറ വിളവീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ശരത്( 30) എന്നിവരാണ് പിടിയിലായത്. 

ഇവരിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ തുടർന്ന് വരുന്ന ശക്തമായ നടപടികളുടെ ഭാഗമായുള്ള റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവർ ലഹരി വസ്തുക്കളുടെ കച്ചവടത്തിനായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. ലഹരി വ്യാപാരം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പെരുമാതുറ , കൊട്ടാരംതുരുത്ത് മേഖലകളിലാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്. 

ബാംഗ്ലൂരിൽ നിന്നാണ് മാരക സിന്തറ്റിക് ലഹരിവസ്തുവായ എംഡിഎം.എ കേരളത്തിൽ എത്തിക്കുന്നത്. വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിൽ താമസമാക്കി ലഹരി കച്ചവടം നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇവരുടെ അറസ്റ്റോടെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിനികളെ വരെ ഇത്തരം സംഘങ്ങൾ ലഹരി വസ്തുക്കളുടെ കടത്തിനായി വിനിയോഗിച്ച് വരുന്നുണ്ട്. അത്തരക്കാർക്കെതിരെയും ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം നർകോട്ടിക്ക് സെൽ ഡിവൈഎസ്പി രാസിത്ത്ന്റെ നേതൃത്വൽ ഡാൻസഫ് ടീമിന്റെ ലഹരി സംഘങ്ങൾക്കെതിരെയുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവരും പിടിയിലായത്. കഠിനംകുളം പൊലീസ് ഇൻസ്പെക്ടർ അൻസാരി, സബ്ബ് ഇൻസ്പെക്ടർ വി സജു, മുകുന്ദൻ എഎസ്സ്ഐ ഷാ, ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം ഫിറോസ്ഖാൻ, എഎസ്ഐ ബി ദിലീപ്, സിപിഒമാരായ അനൂപ്, ഷിജു, സുനിൽരാജ് , വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

click me!