
കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം കുളിക്കാൻ ഇറങ്ങിയ യുവാക്കളാണ് മുങ്ങിമരിച്ചത്. ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും. ആറംഗസംഘം കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടമുണ്ടായത്.
പാറക്കെട്ടിലെ കുളത്തിൽ സുഹൃത്തിനൊപ്പം കാൽകഴുകാൻ ഇറങ്ങി, നിലയില്ലാ കയത്തിൽ പതിനാറുകാരന് ദാരുണാന്ത്യം
അതേസമയം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പാറക്കെട്ടിലെ കുളത്തിൽ വീണ് 16 കാരൻ മുങ്ങി മരിച്ചു എന്നതാണ്. മുട്ടയ്ക്കാട് കെ എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ക്രിസ്തുനിലയം ഓർഫനേജിന് സമീപമുള്ള ജല അതോറിട്ടിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നും ദിവസങ്ങളായി വെള്ളം നിറഞ്ഞൊഴുകിയിരുന്നു. ഇത് കാരണം പ്രദേശത്തെ മിക്കയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. വെള്ളം നിറഞ്ഞിരുന്ന പാറക്കെട്ടിലെ കുളത്തിൽ മിഥുനും ഓർഫനേജിലെ മറ്റൊരു അന്തേവാസിയായ ബെനിനും കാൽകഴുകാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ കുളത്തിലേക്ക് വഴുതിവീണത്. മിഥുനെ രക്ഷിക്കാൻ ബെനിൻ കുളത്തിലേക്ക് ഇറങ്ങിയെങ്കിലും ആഴത്തിലേക്ക് മുങ്ങിപ്പോയതിനാൽ രക്ഷിക്കാനായില്ല. തുടർന്ന് ഓർഫനേജിലുള്ളവരും നാട്ടുകാരും എത്തിയാണ് മിഥുനെ പുറത്തെടുത്തത്. ഉടനെ വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മിഥുന്‍റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇക്കഴിഞ്ഞ ഡിസംബറിലാണ് പിതാവുമായി അകന്നതിനെ തുടർന്ന് മാതാവ് സഹോദരി മൃദുലയ്ക്കൊപ്പം മിഥുനെ ക്രിസ്തുനിലയത്തിൽ എത്തിച്ചത്. കോട്ടുകാൽ മരുതൂർക്കോണം പി ടി എം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരണപ്പെട്ട മിഥുൻ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam