
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ വിവരം അതിശയോക്തിപരവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ് എന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി. ഇത്തരം ഒരു സാഹചര്യത്തിന്‍റെ ഉത്തരവാദിത്വം സെക്രട്ടറിക്ക് തന്നെയാണ്. താൽക്കാലിക ജീവനക്കാരെയും കരാർ ജീവനക്കാരെയും നിയമിക്കുന്നതിനെതിരെ യുഡിഎഫ് മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ തള്ളിക്കളയുന്ന ഇടതുപക്ഷ ഭരണസമിതിയുട സമീപനവും അടിസ്ഥാനം ഇല്ലാത്തതാണെന്ന് പുതിയ സംഭവവികാസം തെളിയിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
കേവലം 5000 രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയത് എന്ന് സെക്രട്ടറിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. 2017-18 കാലത്തെ കൃത്രിമമാണ് ഇപ്പോൾ കണ്ടെത്തിയത്. ശേഷിക്കുന്ന ഇതേ വരെയുള്ള പരിശോധന നടത്തിയിട്ടുണ്ടോ എന്ന് സെക്രട്ടറി വ്യക്തമാക്കണമെന്ന് യു.ഡി.എഫ്.പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ.മൊയ്തീൻകോയയും ആവശ്യപ്പെട്ടു. ഇപ്പോൾ കുറ്റക്കാരായി കണ്ടെത്തിയ താൽക്കാലിക ജീവനക്കാർ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്നു. താൽക്കാലിക ജീവനക്കാരുടെ ചുമതല സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. പഴയ ബിൽ ബുക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് സെക്രട്ടറി വ്യക്തമാക്കണം.
ആറ് മാസം കൂടുമ്പോൾ ഇവർക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുതുക്കി നൽകുന്നത് സെക്രട്ടറിയാണ്. അത് കൊണ്ട് ഈ വെട്ടിപ്പിന് പിന്നിൽ ‘ബാഹ്യശക്തികൾ' ഉണ്ട്. ഗുരുതരമായ കുറ്റം കണ്ടെത്തിയിട്ടും പൊലീസിൽ പരാതി നൽകാതെ നീട്ടികൊണ്ട് പോകുന്നത് സംശയം ബലപ്പെടുത്തുന്നു. ക്രമക്കേടിനെ കുറിച്ച് രണ്ട് മാസം മുൻപ് അറിഞ്ഞ വിവരം എന്തിനു മൂടിവെച്ചു എന്നും സെക്രട്ടറി വ്യക്തമാക്കണം. സെക്രട്ടറി മാറി നിന്നോ മാറ്റി നിർത്തിയോ നടത്തുന്ന അന്വേഷണം മാത്രമെ കുറ്റമറ്റതാകുകയുള്ളൂവെന്ന് യു.ഡി.എഫ്. അഭിപ്രായപ്പെട്ടു.
കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിട നമ്പർ ക്രമക്കേടിന് പിന്നാലെയാണ് റവന്യൂ വിഭാഗത്തിൽ സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയത്. നികുതി പിരിവിന്‍റെ മറവില്‍ രണ്ട് താത്കാലിക ജീവനക്കാർ പണം തട്ടിയതായായാണ് കണ്ടെത്തിയത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ തദ്ദേശ ഭരണ വകുപ്പ് റീജിയണൽ ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
Read More : മോഷ്ടിച്ച വാഹനം വിൽക്കണം, മയക്കുമരുന്ന് വിൽപ്പന നടത്തണം, ഗോവയിലേക്ക് പോകാനിരിക്കെ പ്രതികൾ അറസ്റ്റിൽ