
സുല്‍ത്താന്‍ ബത്തേരി: മുനിസിപ്പാലിറ്റിയിലെ പതിനേഴാം ഡിവിഷനായ പാളാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി. 204 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.എസ്. പ്രമോദ് ആണ് ഡിവിഷന്‍ പിടിച്ചെടുത്തത്. ആകെ പോള്‍ ചെയ്ത 942 വോട്ടില്‍ കെ.എസ്. പ്രമോദിന് 573 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇടതുപക്ഷത്തിന്റെ പി.കെ. ദാമുവിന് 369 വോട്ടുകളാണ് നേടാനായത്.
രണ്ട് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്. പ്രമോദ് ആയിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി. അന്ന് 145 വോട്ടിന്റെ ഭൂരപക്ഷത്തിലാണ് വിജയിച്ചത്. അതേ വാര്‍ഡിലാണ് മുന്നണി മാറി മത്സരിച്ചിട്ടും അദ്ദേഹത്തിന്റെ മിന്നുന്ന വിജയമെന്നതും എടുത്തു പറയേണ്ടതാണ്. പൊതുവെ യു.ഡി.എഫിന് മുന്‍തൂക്കമുള്ള ഡിവിഷനാണെങ്കിലും രണ്ട് വര്‍ഷം മുമ്പ് ഇടുതപക്ഷത്തിന് ലഭിച്ച അട്ടിമറി വിജയം വലിയ പ്രാധാന്യത്തോടെയാണ് മുന്നണികള്‍ കണ്ടത്. അതിനാല്‍ തന്നെ പഴുതടച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് നടത്തിയത്.
യു.ഡി.എഫില്‍ നിന്ന് സിറ്റിങ് സീറ്റ് പീടിച്ചെടുത്ത കെ.എസ്. പ്രമോദ് രണ്ട് വര്‍ഷം മുമ്പ് ഇടതുപക്ഷത്തിന് താരമായിരുന്നെങ്കിലും പിന്നീട് അദ്ദേഹം എല്‍.ഡി.എഫ് നേതൃത്വവുമായി ഇടയുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പാരമ്യത്തില്‍ പ്രമോദ് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇന്നലെയായിരുന്നു വോട്ടെടുപ്പ്. അതേ സമയം മുനിസിപ്പല്‍ ഭരണത്തെ പാളാക്കാരയിലെ വിജയം ഒരു തരത്തിലും ബാധിക്കാനിടയില്ല. 35 അംഗ ഭരണസമിതിയില്‍ 23 അംഗങ്ങളാണ് ഇടതുപക്ഷത്തിനുള്ളത്.
പത്ത് അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന് ഈ ജയത്തോടെ അംഗസംഖ്യ പതിനൊന്ന് ആയി. സ്വതന്ത്രയായി വിജയിച്ച ഒരു കൗണ്‍സിലറും ഭരണസമിതിയില്‍ ഉള്‍പ്പെടും. കെ.എസ്. പ്രമോദിന്റെ വിജയത്തിന് പിന്നാലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബത്തേരി നഗരത്തില്‍ ആഹ്ളാദ പ്രകടനം നടത്തി. ജനങ്ങളുടെ അംഗീകാരം നുണപ്രചാരണം കൊണ്ട് തകര്‍ക്കാനാവില്ലെന്നതിന്റെ തെളിവാണ് തന്റെ വിജയമെന്ന് കെ.എസ്. പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണലും ആഹ്ലാദ പ്രകടനവും.
Read More : കൂട്ടുകാരനെ തേടിയെത്തി, വീട്ടിലില്ലെന്ന് മറുപടി; ഒരു കുടുംബത്തിലെ 3 പേരെ യുവാവ് വാക്കത്തികൊണ്ട് വെട്ടി