
കോഴിക്കോട്: സമസ്ത-മുസ്ലിംലീഗ് തര്‍ക്കത്തിൽ മേൽത്തട്ടിൽ താത്കാലിക അനുരഞ്ജനമായെങ്കിലും താഴെത്തട്ടിലേക്ക് വ്യാപിച്ച ഭിന്നത തദ്ദേശ തെരഞ്ഞെടുപ്പിൽ നിര്‍ണായകമാകും. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ വിഷയം പ്രതിഫലിക്കുമോ എന്നാണ് ലീഗ് ഉറ്റുനോക്കുന്നത്. യുഡിഎഫിൻ്റെ ജമാഅത്തെ ഇസ്ലാമി, വെൽഫയര്‍ പാര്‍ട്ടി ബാന്ധവം ഉയര്‍ത്തിയുള്ള വിമര്‍ശനം സിപിഎം നടത്തുന്നതിന് തുല്യമായി, സമസ്തയുടെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും ലീഗിനെ ഉന്നമിട്ട് ജമാഅത്തെ ഇസ്ലാമി വിഷയം സജീവമാണ്.
മലപ്പുറത്തെ 94 പഞ്ചാത്തുകളിൽ 68 ഇടത്താണ് യുഡിഎഫ് ഭരണം. അതിൽ പലതും ഒന്നോ, രണ്ടോ സീറ്റിൻ്റെ ബലത്തിൽ മാത്രം. പ്രാദേശികമായി സമസ്തയിലെ ലീഗ് വിരുദ്ധപക്ഷം എല്ലായിടത്തും ഒരുപോലെ ശക്തരല്ല. പക്ഷേ, നേരിയ ഭൂരിപക്ഷത്തിൽ മുസ്ലിം ലീഗ് വിജയിക്കുന്ന വാഡുകളിൽ സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷത്തിനും ഫലം നിര്‍ണയിക്കാനാകും.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടപ്പിൽ പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാര്‍ത്ഥികൾക്കെതിരെ പരസ്യ നീക്കങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഒന്നും ഫലിച്ചില്ല. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സ്ഥാനാർഥികൾക്കെതിരെ ഇവർ പ്രവർത്തിച്ചേക്കാം. ലീഗ് വിരുദ്ധരെ കൂട്ടിയോജിപ്പിക്കാനും ശ്രമിച്ചേക്കും. അതൊഴിവാക്കാൻ വളരെ കരുതലോടെയാണ് ലീഗിൻ്റെ ഓരോ നീക്കവും. അനുരഞ്ജന സമിതിയുണ്ടാക്കി,
പ്രശ്നപരിഹാരത്തിന് വേഗമുണ്ടാക്കിയതിന് പിന്നിലും കാരണം മറ്റൊന്നല്ല. പലതവണ അനുരഞ്ജന ചർച്ചകൾ നടന്നെങ്കിലും ഇരുപക്ഷത്തിൻ്റെയും ഉപാധികൾ, വച്ചിടത്ത് തന്നെയാണ്. സമസ്ത മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ലീഗ് അനുകൂലിയായ മുശാവറ അംഗം മുസ്തഫൽ ഫൈസിയെ ഇതുവരെ തിരിച്ചെടുത്തിട്ടില്ല. അതിൽ മുസ്ലിംലീഗിന് അതൃപ്തിയുണ്ട്. മുശാവറയിലെ ഒഴിവുകൾ നികത്തിയതിലും മുറുമുറുപ്പുണ്ട്. തെരഞ്ഞെടുപ്പ് മുന്നിലുള്ളതിനാൽ, പരസ്യപ്പോരില്ലെന്ന് മാത്രം. ഇത് കൃത്യമായി തിരിച്ചറിഞ്ഞ സിപിഎമ്മും പ്രതീക്ഷയിലാണ്. ആശയപരമായി
ജമാഅത്തെ ഇസ്ലാമിയെ നേരിടുന്നവരാണ് സമസ്ത. മുസ്ലിം ലീഗിന് മുന്നിൽ തെരഞ്ഞെടുപ്പും സമസ്തക്ക് മുന്നിൽ നൂറാം വര്‍ഷികവും ഉള്ളതുകൊണ്ടു മാത്രമാണ് മയപ്പെടൽ. തെരഞ്ഞെടുപ്പ് ഫലം കഴിയുന്നതിന് തൊട്ടുപിന്നാലെ, സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുടെ കേരള പര്യടനം തുടങ്ങാനിരിക്കുകയാണ്.