
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ മുന്നണി വിപുലീകരണത്തെക്കുറിച്ചുള്ള ആലോചനകൾ ശക്തമാക്കി യു ഡി എഫ് നേതൃത്വം. ഇടത് മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ പി വി അൻവറും എൻ ഡി എയിൽ നിന്നകന്ന സി കെ ജാനുവിനെയും യു ഡി എഫിലേക്ക് എത്തിക്കാനുള്ള ആലോചനകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. യു ഡി എഫ് പ്രവേശന കാര്യത്തിൽ പലവട്ടം ചർച്ചകൾ വഴിതെറ്റിപ്പോയ പി വി അൻവറിന്‍റെ കാര്യത്തിൽ എന്താകും തീരുമാനം എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതാണ്. അൻവറിനോടുള്ള എതിർപ്പ് യു ഡി എഫ് നേതൃത്വത്തിന് മാറി എന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ മുൻ നിലമ്പൂർ എം എൽ എയുടെ മുന്നണി പ്രവേശനത്തിന് സാധ്യതയേറുകയാണ്.
പി വി അൻവറിന്‍റെയും സി കെ ജാനുവിന്‍റെയും കാര്യത്തിൽ യു ഡി എഫ് ജില്ലാ നേതാക്കളുടെ അഭിപ്രായമാകും പ്രധാനം. അൻവറിന്‍റെ കാര്യത്തിൽ മലപ്പുറത്തെ നേതാക്കളുടെ അഭിപ്രായം തേടാൻ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. സി കെ ജാനുവിന്റ മുന്നണി പ്രവേശനത്തിൽ വയനാട്ടിലെ നേതാക്കളുടെ അഭിപ്രായവും യു ഡി എഫ് നേതൃത്വം തേടും. ഇതിന് ശേഷമാകും ഇരുവരുടെയും കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
യു ഡി എഫ് മുന്നണി സഹകരണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സി കെ ജാനു കത്ത് നൽകിയിരുന്നു. ആലുവയിലെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ട് താൽപ്പര്യമറിയിക്കുകയും യു ഡി എഫ് പ്രവേശനത്തിനായി കത്ത് നൽകുകയുമായിരുന്നു ജാനു. കഴിഞ്ഞ 9 ന് ചേർന്ന യു ഡി എഫ് യോഗം കത്ത് ചർച്ച ചെയ്ത ശേഷമാണ് ജില്ലാ നേതാക്കളുടെ അഭിപ്രായം തേടിയിരിക്കുന്നത്. രമേശ് ചെന്നിത്തലയും കെ മുരളീധരനും യു ഡി എഫ് യോഗത്തിൽ വിയോജിപ്പ് അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുൻപ് ഇത്തരത്തിലൊരു സഹകരണം ഉണ്ടായപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും സി കെ ജാനു തോറ്റു. ആ പഞ്ചായത്ത് ഭരണം അടക്കം യു ഡി എഫിന് നഷ്ടമായി തുടങ്ങിയ കാര്യങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടിയതെന്നാണ് വിവരം. ഇവരെ കൂടാതെ മുസ്ലിം ലീഗിനും സി കെ ജാനുവിന്‍റെ കാര്യത്തിൽ ചെറിയ എതിർപ്പ് ഉണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. എന്നാൽ സി കെ ജാനുവുമായി സഹകരണം ആകാമെന്നാണ് നിലവിലെ യു ഡി എഫ് ധാരണ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യു ഡി എഫ് ഇക്കാര്യത്തിൽ വേഗത്തിൽ തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam