കേരള കോൺഗ്രസിലെ തമ്മിലടി; തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

By Web TeamFirst Published Jan 30, 2020, 1:19 PM IST
Highlights

തെരഞ്ഞെടുപ്പിൽ നിന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതിനിധി വിട്ടുനിന്നതോടെ യുഡിഎഫ്-എൽഡിഎഫ് അംഗബലം 6 - 6 ആയി. നറുക്കെടുപ്പിലൂടെ എൽഡിഎഫ് ഭരണം തിരിച്ചുപിടിച്ചു.

ഇടുക്കി: കേരള കോൺഗ്രസിനുള്ളിലെ തമ്മിലടിയിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടുനിന്നതാണ് ഭരണം നഷ്ടമാകാന്‍ ഇടയാക്കിയത്. ഇതോടെ, യുഡിഎഫ്-എൽഡിഎഫ് അംഗബലം തുല്യമായതിനാൽ നറുപ്പെടുപ്പിലൂടെ ഭരണം എൽഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ഉറപ്പിച്ചതായിരുന്നു. ഏഴ് പേരുടെ അംഗബലമാണ് ബ്ലോക്കിൽ യുഡിഎഫിനുള്ളത്. ആറ് സീറ്റാണ് എൽഡിഎഫിനുള്ളത്. എന്നാൽ യുഎഡിഎഫ് സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതിനിധി ജിമ്മി മറ്റത്തിപ്പാറ അവസാന നിമിഷം ചുവട് മാറ്റി. ഇതോടെ യുഡിഎഫ്-എൽഡിഎഫ് അംഗബലം ആറ് വീതമായി. തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ ഭാഗ്യം എൽഡിഎഫിനൊപ്പം നിന്നു.

പ്രസിഡന്‍റ് സ്ഥാനം പങ്കുവയ്ക്കുന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുണ്ടായ ത‍‍ർക്കമാണ് തൊടുപുഴ ബ്ലോക്കിൽ വീണ്ടും തെരഞ്ഞെടുപ്പിന് വഴിവച്ചത്. പ്രസിഡന്‍റ് പദവി നൽകാമെന്ന ധാരണ സിപിഎം അട്ടിമറിച്ചെന്ന് ആരോപിച്ച് സിപിഐ സ്വതന്ത്രൻ സതീഷ് കേശവൻ യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. സതീഷ് തന്നെയായിരുന്നു ഇത്തവണ യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർത്ഥി. സതീഷ് കേശവൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോട് ആഭിമുഖ്യം പുലർത്തുന്നതാണ് ജോസ് വിഭാഗത്തിന്‍റെ അതൃപ്തിയ്ക്ക് പിന്നിലെന്നാണ് സൂചന.

click me!