
പാലക്കാട്: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്ച പദ്ധതി നടപ്പിലാക്കാത്തതിൽ പഞ്ചായത്ത് മെമ്പർക്കെതിരെ നാട്ടുകാരുടെ വ്യത്യസ്തമായ പ്രതിഷേധം. പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിലാണ് വേറിട്ട പ്രതിഷേധവുമായി യുവാക്കൾ രംഗത്തെത്തിയത്. യു ഡി എഫിന്‍റെ പഞ്ചായത്ത് മെമ്പർക്കെതിരെ ആയിരുന്നു പ്രതിഷേധം. മെമ്പർ വാഗ്ദാനം ചെയ്ത ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി കാലാവധി പൂർത്തിയായിട്ടും നടപ്പിലാക്കാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. മുതുതല പഞ്ചായത്തിലെ പതിനേഴാം വാർഡ് കൊടുമുണ്ട മേലെ പീടികയിൽ പ്രതിഷേധിച്ച യുവാക്കൾ പ്രതീകാത്മകമായി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു.
കച്ചവട സ്ഥാപനങ്ങളും വീടുകളും വിദ്യാഭ്യാസ സ്ഥാപനവും ഉള്ള ഈ പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റ് കൊണ്ടുവരുമെന്ന് യു ഡി എഫ് ജനപ്രതിനിധി ഉറപ്പ് നൽകിയിരുന്നത്. യുവാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും പദ്ധതി നടപ്പിലാക്കാൻ മെമ്പർ ശ്രമം നടത്തിയില്ല എന്നാണ് ആരോപണം. ഇതോടെയാണ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കൊടുമുണ്ട മേലെ പീടികയിൽ യുവാക്കൾ പ്രതീകാത്മകമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് പ്രതിഷേധിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിപരിധി വെള്ളിയാഴ്ച ( നവംബർ 21 ) ഉച്ച മൂന്ന് മണിക്ക് അവസാനിക്കും. നിർദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികയും 2 എ ഫാറവും പൂർണ്ണമായി പൂരിപ്പിച്ച് നിക്ഷേപ തുകയും അടച്ച് പ്രതിജ്ഞ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് അതത് വരണാധികാരിക്ക് സമർപ്പിക്കണം. നവം. 22 ന് നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മപരിശോധന നടത്തും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവം. 24 ( തിങ്കൾ ) ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് പട്ടികയിലുണ്ടാവുക. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പാലിറ്റി ഓഫീസിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.