ബിജെപി അംഗത്തെ പാര്‍ട്ടി തന്നെ പൊക്കി; ബത്തേരി നഗരസഭയില്‍ യുഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു

By Web TeamFirst Published Feb 23, 2019, 8:29 PM IST
Highlights

സീറ്റ് നിലയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഭരണസമിതിയില്‍ അവിശ്വാസം വിജയപ്പിക്കാന്‍ യുഡിഎഫ് നോട്ടമിട്ടിരുന്നത് ഏക ബിജെപി അംഗത്തെയായിരുന്നു. എന്നാല്‍, ചര്‍ച്ച നടക്കുന്ന കൗണ്‍സില്‍ ഹാളില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ ബിജെപി അംഗമായ എം കെ സാബുവിനെ നഗരസഭയ്ക്ക് പുറത്ത് വെച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു

കല്‍പ്പറ്റ: സിപിഎമ്മിന്‍റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി നേതൃത്വം നല്‍കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. എല്‍ഡിഎഫ് അംഗങ്ങളും ബിജെപി അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നതോടെയാണ് അവിശ്വാസം പാളിയത്.

ഇതിനിടെ അവിശ്വാസപ്രമേയം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയ ബിജെപിയുടെ ഏക അംഗത്തെ ബിജെപി നേതാക്കള്‍ തന്നെ കാറില്‍ കയറ്റിക്കൊണ്ടുപോയത് കൗതുകമായി. സീറ്റ് നിലയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഭരണസമിതിയില്‍ അവിശ്വാസം വിജയപ്പിക്കാന്‍ യുഡിഎഫ് നോട്ടമിട്ടിരുന്നത് ഏക ബിജെപി അംഗത്തെയായിരുന്നു.

എന്നാല്‍, ചര്‍ച്ച നടക്കുന്ന കൗണ്‍സില്‍ ഹാളില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ ബിജെപി അംഗമായ എം കെ സാബുവിനെ നഗരസഭയ്ക്ക് പുറത്ത് വെച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ 11ന് യുഡിഎഫ് കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്‍, ആര്‍ രാജേഷ് കുമാര്‍, പി പി അയ്യൂബ്, ഷബീര്‍ അഹമ്മദ് എന്നിവരാണ് നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷാ ഷാജി എന്നിവര്‍ക്കെതിരെ കോഴിക്കോട് നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് കെ പവിത്രന്‍ മുമ്പാകെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

യുഡിഎഫിലെ 17 കൗണ്‍സിലര്‍മാരും നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ടായിരുന്നു. ബിജെപി അംഗത്തിന്റെയും ചില ഭരണപക്ഷ കൗണ്‍സിലര്‍മാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. 35 അംഗ കൗണ്‍സിലില്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും 17 വീതം അംഗങ്ങളാണുള്ളത്.

സിപിഎം 16, കേരളാ കോണ്‍ഗ്രസ് (എം) ഒന്ന് എന്നിങ്ങനെയാണ് എല്‍ഡിഎഫ് കക്ഷിനില. കോണ്‍ഗ്രസ് ഒമ്പത്, മുസ്‌ലിം ലീഗിന് എട്ട് ഉള്‍പ്പെടെയാണ് യുഡിഎഫിന്റെ 17 അംഗങ്ങള്‍. അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയതിന് ശേഷം ഏല്ലാവരും ഉറ്റുനോക്കിയിരുന്നത് ബിജെപിയുടെ നിലപാടായിരുന്നു. പരസ്യമായ നിലപാട് ബിജെപി വ്യക്തമാക്കിയിരുന്നുമില്ല. അടുത്തിടെ കരിവള്ളിക്കുന്ന് ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് യുഡിഎഫ് തുല്യശക്തിയായത്. 

click me!