'പരസ്യമല്ലെന്നേയുള്ളൂ', കൊട്ടിക്കലാശത്തിന് മുക്കത്ത് യുഡിഎഫ്- വെൽഫെയർ സംയുക്ത റാലി

By Web TeamFirst Published Dec 12, 2020, 3:17 PM IST
Highlights

കോഴിക്കോട് മുക്കത്തെ ആറ് വാർഡുകളിലാണ് യുഡിഎഫും വെൽഫെയർ പാർട്ടിയും ഒന്നിച്ചുചേർന്ന് കൊട്ടിക്കലാശം നടത്തിയത്. വിവിധ ജില്ലകളിൽ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്ന് ലീഗും മുന്നണി കൺവീനർ എം എം ഹസ്സനും ആവർത്തിക്കുന്നതിനിടെ, ഇല്ലെന്ന നിലപാടിൽ മറ്റ് യുഡിഎഫ് നേതാക്കൾ തുടരുമ്പോഴാണ് ഒന്നിച്ചുള്ള കൊട്ടിക്കലാശത്തിന്‍റെ ദൃശ്യങ്ങളടക്കം വരുന്നത്.

കോഴിക്കോട്: മുക്കം നഗരസഭയിലെ ആറ് വാർഡുകളിൽ യുഡിഎഫും വെൽഫെയർ പാർട്ടിയും ചേർന്നുള്ള സംയുക്ത റാലി. കൊട്ടിക്കലാശത്തോടനുബന്ധിച്ചാണ് വെൽഫെയർ പാർട്ടിയും യുഡിഎഫും ചേർന്ന് സംയുക്തറാലി നടത്തുന്നത്. ഇരുപാർട്ടികളുടെയും പ്രവർത്തകർ വലിയ കൂട്ടമായി എത്തി റാലിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വിവിധ ജില്ലകളിൽ വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കുണ്ടെന്ന് മുസ്ലിംലീഗും മുന്നണി കൺവീനർ എം എം ഹസ്സനും ആവർത്തിക്കുന്നു. അതേസമയം, ഇതിനെ നിഷേധിക്കുന്ന നിലപാടിൽ മറ്റ് യുഡിഎഫ് നേതാക്കൾ ഉറച്ചുനിൽക്കുന്നു. ഇതിനെല്ലാമിടയിലാണ് ഒറ്റക്കെട്ടായുള്ള കൊട്ടിക്കലാശത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്.

''കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉണ്ടാക്കിയ സഖ്യം പോലെ അത്ര വിപുലമായ ഒന്നല്ല ഇത്. ചില വാർഡുകളിൽ നീക്കുപോക്കുണ്ടെന്നേയുള്ളൂ, അത് ചുരുക്കം ചില സ്ഥലങ്ങളിലേയുള്ളൂ'', എന്ന് ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കുന്നു. നീക്കുപോക്കുണ്ടെന്ന് ലീഗ് തുറന്ന് സമ്മതിക്കുമ്പോഴും ഇത് വരെ കോൺഗ്രസിലേതടക്കം പ്രമുഖ നേതാക്കൾ ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇതിനിടെയാണ് മുക്കത്ത് യുഡിഎഫും വെൽഫെയർ പാർട്ടിയും ഒന്നിച്ച് നിന്ന് പ്രചാരണം നടത്തുന്നത്.

മുക്കം നഗരസഭയിലെ 18, 19, 20, 21, 22, 23 എന്നീ വാർഡുകളിലാണ് യുഡിഎഫും വെൽഫെയർ പാർട്ടിയും ചേർന്ന് പരസ്യമായി കൊട്ടിക്കലാശവും പ്രചാരണവും നടത്തിയത്. ബൈക്ക് റാലിയിൽ നിരവധി പ്രവർത്തകർ ഒന്നിച്ച് പതാകയുമായി എത്തി വൻപ്രചാരണം നടത്തി. മുക്കത്തും ചേന്ദമംഗലൂരുമടക്കം നിരവധി പഞ്ചായത്തുകളിൽ യുഡിഎഫിനും വെൽഫെയർ പാർട്ടിക്കും ഒറ്റ തെരഞ്ഞെടുപ്പ് ഓഫീസാണെന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും നല്ല സ്വാധീനമുള്ള പ്രദേശങ്ങളാണ് മുക്കത്തെ മിക്ക പ്രദേശങ്ങളും. സഖ്യമല്ല, ധാരണയാണെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും, ഐക്യത്തോടെ, വൻജനപങ്കാളിത്തത്തോടെയാണ് ഇതേ പ്രദേശങ്ങളുൾപ്പെടുന്ന വാർഡുകളിലെ പ്രവർത്തകർ ബൈക്ക് റാലിയിൽ പങ്കെടുത്തത്. 

കൊവിഡ് ചട്ടം നിലനിൽക്കേ, വളരെക്കുറച്ച് വാഹനങ്ങൾ മാത്രം ഉപയോഗിച്ചേ തെരഞ്ഞെടുപ്പ് റാലികൾ നടത്താവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനനിർദേശം നൽകിയ സാഹചര്യത്തിലും റാലിയിൽ അണിനിരന്നത് നിരവധി പ്രവർത്തകരാണ്. 

ജമാ അത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ സഖ്യ ചര്‍ച്ചകളായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ വാര്‍ത്തയായത്. പ്രചാരണം അവസാന റൗണ്ടിലേക്ക് കടക്കുമ്പോഴും ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ തീരുന്നില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ആര്‍എംപിയുമായും നീക്കുപോക്കുണ്ടാക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനമെടുത്തെങ്കിലും മുല്ലപ്പളളി ഇത് നിഷേധിച്ചു. മുന്നണിക്ക് പുറത്ത് ആരുമായും സഖ്യമോ ധാരണയോ ഇല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ നിലപാട്. ഇതേ നിലപാടാണ് ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചത്. വെല്‍ഫെയര്‍ സഖ്യത്തെ ബിജെപിയും സിപിഎമ്മും വലിയ ചര്‍ച്ചയാക്കി മാറ്റിയ സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനത്തെ കോണ്‍ഗ്രസ് നേതൃത്വം തളളിപ്പറയുന്നത്. 

അതേസമയം വെല്‍ഫെയര്‍പാര്‍ട്ടിയുമായും ആര്‍എംപിയുമായും ഉണ്ടാക്കിയ ധാരണയെ തളളിപ്പറയാന്‍ ലീഗ് അടക്കം യുഡിഎഫിലെ മറ്റ് കക്ഷികള്‍ തയ്യാറാകുന്നുമില്ല. തര്‍ക്കം തുടരുമ്പോഴും പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ അതേപടി തുടരാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം.

click me!