കൊവിഡ് വ്യാപനം; ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തർക്ക് വിലക്ക്

By Web TeamFirst Published Dec 12, 2020, 9:37 AM IST
Highlights

22 ക്ഷേത്ര ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. പൂജകളും ചടങ്ങുകളും നടക്കും. ക്ഷേത്ര പരിസരം നിയന്ത്രിത മേഖലയാക്കി. 

തൃശ്ശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക്. 46 ദേവസ്വം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. ഇന്നര്‍ റിംഗ് റോഡ് കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പൂജകള്‍ മാത്രം മുടക്കമില്ലാതെ നടക്കും. ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്  46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് അടുത്ത രണ്ടാഴ്ചത്തേക്ക് ക്ഷേത്രത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താൻ തീരുമാനമായത്. 

ദര്‍ശനത്തിനായുളള ഓണ്‍ലൈൻ ബുക്കിംഗ് നിര്‍ത്തിവെച്ചു. പുറത്ത് ദീപസ്തംഭത്തിന് സമീപത്ത് നിന്നും ദര്‍ശനം അനുവദിക്കില്ല. തുലാഭാരം, വിവാഹം അടക്കമുളള വഴിപാടുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തി. ഇന്നത്തെ വിവാഹങ്ങള്‍ മാത്രം നടത്താൻ അനുമതിയുണ്ട്. ക്ഷേത്രത്തിനകത്തെ നിത്യപൂജയും ആചാരങ്ങളും ചടങ്ങായി നടത്തും. ഇതിന് ആവശ്യമായ ചുരുക്കം ജീവനക്കാരെ മാത്രം അകത്തേക്ക് പ്രവേശിപ്പിക്കും. ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാല്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 4 ദിവസത്തിനകം അത് നിര്‍ത്തിവെച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. എല്ലാം മാസവും ജീവനക്കാര്‍ക്കിടയില്‍ ആൻ്റിജൻ പരിശോധന നടത്താനും തീരുമാനമായി.

click me!