ബൈക്ക് പാർക്കിംഗിൽ നിർത്തി ജോലിക്ക് പോയി, തിരിച്ചുവന്നപ്പോൾ കാണാനില്ല, ഒരു മണിക്കൂറിൽ പ്രതിയെ പൊക്കി പൊലീസ്
പൊലീസ് ഉടൻതന്നെ അന്വേഷണം നടത്തി അഞ്ച് മണിയോടെ തന്നെ മോഷ്ടാവിനെ ബൈക്കു സഹിതം പിടികൂടി.
കല്‍പ്പറ്റ: പനമരം ടൗണിലെ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് മുങ്ങിയ ആള്‍ പിടിയിൽ. നിരവധി കേസുകളില്‍ പ്രതിയായ ബത്തേരി തൊട്ടിയില്‍ ഷഫീഖ് (21) നെയാണ് കുന്ദമംഗലം പൊലീസിന്റെ സഹായത്തോടെ പനമരം പൊലീസ് പിടികൂടിയത്. കുന്ദമംഗലം സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചെറുകാട്ടൂര്‍ സ്വദേശി രാജു സെബാസ്റ്റ്യന്റെ ബൈക്കാണ് ഇയാള്‍ മോഷിച്ചത്. ബത്തേരി ഹോമിയോ ആശുപത്രി ജീവനക്കാരനായ രാജു ബൈക്ക് രാവിലെ ഏഴേ മുക്കാലോടെ പനമരം ടൗണില്‍ ബൈക്ക് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട് ജോലിക്ക് പോയതാണ്. വൈകുന്നേരം 3.15ന് തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിഞ്ഞത്. തുടര്‍ന്ന് നാലേകാലോടെ പനമരം സ്റ്റേഷനില്‍ പരാതി നൽകി.
പൊലീസ് ഉടൻതന്നെ അന്വേഷണം നടത്തി അഞ്ച് മണിയോടെ തന്നെ മോഷ്ടാവിനെ ബൈക്കു സഹിതം പിടികൂടി. ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ വി സിജിത്തിന്റെ നേതൃത്വത്തില്‍ എസ് ഐ കെ ദിനേശ്, എ എസ് ഐ വി ടി സുലോചന, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍ ശിഹാബ്, എ ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം