
ഹരിപ്പാട്: വ്യാപാര സ്ഥാപനം അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു സംഭവത്തില്‍ പ്രതികൾ പിടിയിൽ. കണ്ടല്ലൂർ തെക്ക് കോട്ടാംകാട്ടിൽ വീട്ടിൽ അജീന്ദ്രദാസ് (58) മകൻ അക്ഷയ് ദാസ് (25), സഹോദരിപുത്രി പടന്നയിൽപടീറ്റതിൽ ദീപ (45) എന്നിവർക്കാണ് വെട്ടേറ്റത്.
ഞായറാഴ്ച രാത്രി 9.15ഓടെ കണ്ടല്ലൂർ തെക്ക് പൈപ്പ് ജങ്ഷനിൽ അജീന്ദ്രദാസ് നടത്തി വരുന്ന കട അടച്ചശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ഇവർക്കു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ കണ്ടല്ലൂർ തെക്ക് അഞ്ചുതെങ്ങിൽ പടീറ്റതിൽ അരുൺ (28) പോത്തുപറമ്പിൽ ഉമേഷ് ഉത്തമൻ (45) എന്നിവരെ കനക്കുന്ന് പോലീസ് അറസ്റ്റു ചെയ്തു. കൃത്യത്തിനു ശേഷം കടന്ന പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളജ് പരിസരത്തു നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
അരുൺ ഒട്ടേറെ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. അക്ഷയ് ദാസിനോടു പ്രതികൾക്കു മുൻ വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് അക്രമത്തിനു പ്രേരണയായത്. രണ്ടു കുപ്പികൾ കൈയിൽ കരുതിവന്ന പ്രതികൾ ആദ്യം ഇവരെ മർദിച്ചു. പിന്നീടാണ് ഇവിടെയുളള പമ്പ് ഹൗസിനു സമീപം ഒളിപ്പിച്ചുവെച്ചിരുന്ന വാൾ എടുത്തുകൊണ്ടുവന്നു വെട്ടിയത്.
അക്ഷയ് ദാസിന്റെ കണ്ണിലേക്ക് സ്പ്രേ അടിച്ചതായും മൊഴിയുണ്ട്. അജീന്ദ്രദാസിനു തലയ്ക്കാണ് വെട്ടേറ്റത്. അക്ഷയ് ദാസിനു ഇടതു കൈ മുട്ടിനും വിരലിനും മുറിവേറ്റിട്ടുണ്ട്. തടസ്സം പിടിക്കാനെത്തിയപ്പോഴാണ് ദീപയ്ക്കു കൈ വിരലിനു മുറിവേൽക്കുന്നത്. പരിക്കേറ്റവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam