സിപിഎമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറി, എവി ജയനെ തരംതാഴ്ത്തിയതിൽ അതൃപ്തി പുകയുന്നു; വയനാട് ജില്ലാ നേത‍ൃത്വം അനുനയ നീക്കം തുടങ്ങി

Published : Jul 05, 2025, 11:27 AM IST
cpm wayanad dc

Synopsis

ഭൂരിപക്ഷമുള്ള വിഭാഗത്തിനൊപ്പം നിൽക്കാത്തതാണ് തന്‍റെ തെറ്റെന്നും ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താലിബാൻ മോഡലിൽ ഏകാധിപത്യ പരമായി പോകാൻ സി പി എമ്മിനാകില്ലെന്നും ജയൻ കൂട്ടിച്ചേർത്തു

കൽപ്പറ്റ: വയനാട്ടിലെ മുതിർന്ന നേതാവ് എ വി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെ സി പി എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറി. ജില്ലയിലെ ഒരു വിഭാഗം നേതാക്കളും അണികളും പാർട്ടി നേതൃത്വത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ്. ഇതോടെ സി പി എം ജില്ലാ നേതൃത്വം കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. എ വി ജയന് എതിരായ നടപടി കടുത്ത വിഭാഗീയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് പാർട്ടി.

കർഷക സംഘം ജില്ലാ പ്രസിഡന്‍റും പുൽപ്പള്ളി സി പി എം ഏരിയ കമ്മിറ്റി അംഗവുമായ എ വി ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരം താഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷനെ വച്ച സി പി എം, അന്വേഷണ റിപ്പോർട്ടിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു. പുൽപ്പറ്റി ഏരിയ കമ്മിറ്റിയിൽ നിന്ന് ഇരുളം ലോക്കൽ കമ്മിറ്റിയിലേക്കാണ് ജയനെ തരംതാഴ്ത്തിയത്. വയനാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട ചേരി തിരിവാണ് നടപടിയിലേക്ക് നയിച്ചതെന്ന് വിമർശനമുണ്ട്.

പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം കടുപ്പിച്ച ജയൻ, നടപടി വിഭാഗീയതയുടെ ഭാഗമെന്നായിരുന്നു തുറന്നടിച്ചത്. ഭൂരിപക്ഷമുള്ള വിഭാഗത്തിനൊപ്പം നിൽക്കാത്തതാണ് തന്‍റെ തെറ്റെന്നും ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താലിബാൻ മോഡലിൽ ഏകാധിപത്യ പരമായി പോകാൻ സി പി എമ്മിനാകില്ലെന്നും ജയൻ കൂട്ടിച്ചേർത്തു. അധികാരം പിടിച്ചെടുക്കാനുള്ള തർക്കമാണ് ഇത്. നിലവിൽ ഭൂരിപക്ഷമുള്ള വിഭാഗത്തിനൊപ്പം നിൽക്കാത്തതാണ് പോരായ്മയെങ്കിൽ അത് ചെയ്തിട്ടുണ്ടെന്നും അത് തന്നെയാണ് നിലപാടെന്നും ജയൻ വിശദീകരിച്ചു. നിലവിലെ നേതൃത്വത്തിനൊപ്പം നിൽക്കാത്തവരെ അടിച്ചമർത്തുന്ന രീതിയാണ് നടക്കുന്നതെന്നും ഇത്തരം താലിബാൻ മോഡൽ അല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ ശൈലിയെന്ന് ഓർക്കണമെന്നും ജയൻ മുന്നറിയിപ്പ് നൽകി.

നേരത്തെ ജില്ലാ സമ്മേളനത്തിൽ വയനാട്ടിൽ വലിയ അട്ടിമറിയാണ് നടന്നത്. ജില്ലാ സെക്രട്ടറിയായിരുന്നു പി ഗഗാറിനെ വെട്ടി കെ റഫീഖാണ് പുതിയ സെക്രട്ടറിയായത്. മുൻ ജില്ലാ സെക്രട്ടറിയായ സി കെ ശശീന്ദ്രന്‍റെ പിന്തുണയോടെയായിരുന്നു റഫീഖിന്‍റെ അട്ടിമറി. ഇതോടെ ജില്ലയിലെ സി പി എമ്മിനുള്ളിൽ ചേരിതിരിവ് രൂക്ഷമാകുകയായിരുന്നു. തരംതാഴ്ത്തലും ഇതിന്‍റെ ഭാഗമെന്നാണ് ജയനടക്കമുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെയാണ് ജയന്‍റെ തരംതാഴ്ത്തലിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നതും. ഇക്കാര്യത്തിൽ സി കെ ശശീന്ദ്രൻ പങ്കെടുത്ത കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിലടക്കം വിമർശനമുയർന്നു. ഇതോടെ അനുനയ നീക്കത്തിന് പാർട്ടി നേതൃത്വം ശ്രമം തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്
നടിയെ ആക്രമിച്ച കേസ്: വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ