
പത്തനംതിട്ട: നാട്ടുകാരും പഞ്ചായത്തും എതിർത്തതോടെ യൂണിസെഫ് അനുവദിച്ച മാലിന്യ പ്ലാന്‍റ് പദ്ധതി പത്തനംതിട്ടയിൽ വരില്ല, പദ്ധതിയിൽ പെരുനാട് പഞ്ചായത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു.
കക്കൂസ് മാലിന്യങ്ങളുൾപ്പെടെ സംസ്കരിക്കാനുള്ള പദ്ധതിയാണ് ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് മുടങ്ങിയത്. 95 ലക്ഷം രൂപ ചെലവിട്ട് യൂണിസെഫ് മേൽ നോട്ടത്തിൽ തന്നെ പ്ലാന്‍റ് നിർമ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. പ്രളയാനന്തരം കക്കൂസ് മാലിന്യ സംസ്കരണം വെല്ലുവിളി ആയപ്പോഴാണ് പ്ലാന്‍റ് നടപ്പാക്കാൻ യൂണിസെഫ് സന്നദ്ധത അറിയിച്ചത്.
തുടർന്ന് ജില്ലാ ഭരണകൂടം തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചെങ്കിലും ആരും താത്പര്യം പ്രകടിപ്പിച്ചില്ല. പിന്നീട് റവന്യൂ വകുപ്പിന് കീഴിൽ ളാഹക്ക് സമീപത്തെ ഭൂമിയിൽ പ്ലാന്‍റ് നിർമ്മിക്കാൻ ശ്രമം തുടങ്ങി. പെരിനാട് പഞ്ചായത്ത് പദ്ധതിക്ക് അനുകൂല നിലപാട് എടുത്തു. പക്ഷെ നാട്ടുകാർ പ്രതിഷേധമുയർത്തിയതോടെ പഞ്ചായത്ത് പിന്മാറി.
ശബരിമല പാതയോട് ചേർന്നാണ് പ്ളാന്‍റ് എന്നതാണ് എതിർപ്പിന് കാരണമായത്. വയനാട് ജില്ലക്കും സമാനമായ പദ്ധതി യൂണിസെഫ് അനുവദിച്ചിരുന്നു. ഈ പ്ലാന്‍റിന്‍റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഖരമാലിന്യം സംസ്കരിച്ച് ജൈവവളമുൾപ്പെടെ നിർമ്മിച്ച് വരുമാനം ഉണ്ടാക്കാൻ കൂടെ ഉതകുന്നതായിരുന്നു പദ്ധതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam