
മലപ്പുറം: ഗർഭിണിയായ പെൺ സുഹൃത്തിനെ കൊന്ന് കായലിൽ തള്ളിയ പ്രബീഷിന് വധശിക്ഷ വിധിച്ചിരുക്കുകയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി. നിലന്പൂർ സ്വദേശിയായ കൊടും ക്രൂരന്‍ പ്രബീഷ് കുടുങ്ങിയത് ആറ്റിൽ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ആയിരുന്നു. 2021 ജൂലൈ 10നാണ് ആലപ്പുഴ പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മരിച്ചത് പുന്നപ്ര സ്വദേശിയായ അനിത ശശിധരനാണെന്ന് പിന്നീട് തെളിഞ്ഞു. അതൊരു കൊലപാതകാണെന്നും. ആ കേസിലാണ് പ്രതിയെ വധശിക്ഷക്ക് ശിക്ഷിച്ചിരിക്കുന്നത്. വിവാഹതനായിരുന്ന പ്രബീഷ് 32കാരിയായ അനിതയുമായും സൗഹൃദത്തിലായിരുന്നു.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു അനിത. ഇതിനിടെ യുവതി ഗർഭിണിയായി. ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അനിത തയ്യാറായില്ല. ഇക്കാര്യം നാട്ടുകാർ അറിഞ്ഞാൽ കുടുംബ ജീവിതം തകരുമെന്ന് മനസിലാക്കിയ പ്രബീഷ് ഏത് വിധേനയും അനിതയെ കൊല്ലാൻ തീരുമാനിച്ചു. ഇതിനായി കൂട്ട് പിടിച്ചത് മറ്റൊരു പെൺ സുഹൃത്ത് രജനിയെ ആയിരുന്നു. അനിതയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിലായിരുന്നു പിന്നീടങ്ങോട്ട് പ്രബീഷും രജനിയും. പിന്നീട് സംഭവിച്ചത് സിനിമാ കഥയെ വെല്ലുന്ന സംഭവങ്ങൾ.
പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി. 2021 ജൂലൈ 9ന് രാത്രി കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ എത്തിയ അനിതയെ ഓട്ടോറിക്ഷയിൽ രജനിയുടെ കൈനകരിയിലെ വീട്ടിൽ എത്തിച്ചു. പ്രബീഷ് അനിതയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും പൊത്തിപ്പിടിച്ചു. കൊല്ലപ്പെട്ട അനിതയെ പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. രജനിയുടെ അമ്മ ഉൾപ്പെടെ 82 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഒടുവിൽ പ്രതി പ്രബീഷിന് തൂക്ക് കയർ തന്നെ വിധിച്ചു കോടതി. മയക്ക് മരുന്ന് കേസിൽ ഒഡിഷയിലെ ജയിലിലാണ് രജനി. നേരിട്ട് ഹാജരാക്കിയ ശേഷം രജനിയ്ക്കുള്ള ശിക്ഷ വിധിക്കും. കണ്ണില്ലാത്ത ക്രൂരതയായിരുന്നു 4 വർഷം മുന്പത്തെ ആ ജൂൺ മാസത്തിൽ നടന്നത്. എല്ലാത്തിനും കൂട്ടുനിന്ന 38കാരി രജനിക്ക് എന്ത് ശിക്ഷ കിട്ടുമെന്നാണ് ഇനി അറിയാനുള്ളത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam