യൂണിവേഴ്‍സിറ്റി കോളേജിലെ ആത്മഹത്യാശ്രമം: വിദ്യാർത്ഥിനി ഇനി പുതിയ കോളേജിൽ

By Web TeamFirst Published May 29, 2019, 9:03 AM IST
Highlights

വർക്കല എസ്എൻ കോളേജിൽ പഠനം തുടരാനാണ് സർവ്വകലാശാല സിൻഡിക്കേറ്റിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. മുടങ്ങിയ പരീക്ഷയും പുതിയ കോളേജിൽ എഴുതാം.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിക്ക് കോളേജ് മാറാൻ അനുമതി. വർക്കല എസ്എൻ കോളേജിലേക്ക് മാറണമെന്ന അപേക്ഷ കേരള സർവ്വകലാശാല അംഗീകരിച്ച് ഉത്തരവിറക്കി. മുടങ്ങിയ പരീക്ഷയും പുതിയ കോളേജിൽ എഴുതാം.

യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. എസ്എഫ്ഐ യൂണിയന്‍റെ നിരന്തരസമ്മർദ്ദമാണ് കാരണമെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ എഴുതി. പക്ഷെ പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പൊലീസിന് മൊഴി നൽകി.  ഒടുവിലിപ്പോൾ വിദ്യാർത്ഥിനി കോളേജ് വിട്ടു. കോളേജ് മാറ്റത്തിനുള്ള അപേക്ഷ സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗീകരിച്ച് ഉത്തരവിറക്കി. വർക്കല എസ്എൻ കോളേജിലെ ഒഴിവുള്ള സീറ്റിലേക്കാണ് മാറ്റം. ഇനിയുള്ള പരീക്ഷകളും പുതിയ കോളേജിൽ എഴുതാൻ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. 

പെൺകുട്ടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കൂടുതൽ രക്ഷിതാക്കൾ എസ്എഫ്ഐ യൂണിയനെതിരെ പരാതിയുമായി രംഗത്തെത്തി. രക്ഷിതാക്കളിൽ നിന്നും തെളിവെടുപ്പ് നടത്തിയ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകും. കൂടുതൽ അന്വേഷണത്തിനായി സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാംപയിൻ കമ്മിറ്റി സ്വതന്ത്ര ജൂഡീഷ്യൽ കമ്മീഷനെ വെച്ചു. അതേസമയം, ആരോപണങ്ങളെല്ലാം എസ്എഫ്ഐ നിഷേധിച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജ് വിവാദത്തിൽ സർക്കാറിൻറെ തുടർ നിലപാടാണ് ഇനി പ്രധാനം.

click me!