ബ്ലാക്ക്‌മാന്‍ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; മുക്കത്ത് ആളുകള്‍ ഒഴുകിയെത്തി; ഒടുവില്‍ യുവാവ് അറസ്റ്റിൽ

By Web TeamFirst Published May 5, 2020, 8:49 AM IST
Highlights

രാത്രി 11 മണിയോടുകൂടി ബ്ലാക്ക്‌മാന്‍ ഇറങ്ങിയിട്ടുണ്ടെന്നും മുത്തേരി ഭാഗത്തെ ഒരു വീട്ടിൽ കയറിയിട്ടുണ്ടെന്നും നാട്ടുകാരും മുക്കം പൊലീസും ചേർന്ന് ഇയാളെ പിടികൂടിയെന്നുമാണ് ഇയാൾ സ്വന്തം ശബ്ദ സന്ദേശം സാമൂഹ്യമാധ്യമത്തിലൂടെ വ്യാജമായി പ്രചരിപ്പിച്ചത്

കോഴിക്കോട്: മുക്കം മുനിസിപ്പാലിറ്റിയിലെ നീലേശ്വരം, മുത്തേരി, മണാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഇറങ്ങിയ ബ്ലാക്ക്‍മാനെ പിടികൂടിയെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുക്കം മുത്താലം കാഞ്ഞിരത്തിങ്കൽ സ്വദേശി രാജേഷ് (34)നെയാണ് മുക്കം ഇൻസ്‍പെക്ടർ ബി കെ സിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇന്നലെ രാത്രി 11 മണിയോടുകൂടി ബ്ലാക്ക്മാൻ ഇറങ്ങിയിട്ടുണ്ടെന്നും മുത്തേരി ഭാഗത്തെ ഒരു വീട്ടിൽ കയറിയിട്ടുണ്ടെന്നും നാട്ടുകാരും മുക്കം പൊലീസും ചേർന്ന് ഇയാളെ പിടികൂടിയെന്നുമാണ് ഇയാൾ സ്വന്തം ശബ്ദ സന്ദേശം സാമൂഹ്യമാധ്യമത്തിലൂടെ വ്യാജമായി പ്രചരിപ്പിച്ചത്. വ്യാജവാർത്ത നാട്ടിലെ വിവിധ ഗ്രൂപ്പിൽ പ്രചരിച്ചതോടെ പ്രദേശത്തേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ജനങ്ങളെ പ്രദേശത്തു നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു.

ഉടൻതന്നെ അന്വേഷണം ആരംഭിച്ച പൊലീസ് ഇയാളുടെ സന്ദേശം പ്രചരിച്ച ഗ്രൂപ്പുകളിൽ നിന്നും വ്യാജ സന്ദേശത്തിന്റെ ഉറവിടം മനസിലാക്കുകയും പ്രതിയായ രാഗേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രദേശത്തെ നാട്ടുകാർക്കിടയിൽ സൽസ്വഭാവിയായ പ്രതി രാത്രി കാലങ്ങളിൽ ഇത്തരം വ്യാജ സന്ദേശം പ്രചരിപ്പിച്ചു സ്വയം സന്തോഷിക്കുന്ന സൈക്കോ മനസിന്റെ ഉടമയാണെന്നാണ് പൊലീസ് പറയുന്നത്. 

വ്യാജ സന്ദേശം ചിലർക്ക് അയച്ച് കൊടുക്കുകയും മിനിറ്റുകൾക്കുള്ളിൽ തന്നെ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഡിലീറ്റ് ചെയ്ത സന്ദേശം മുക്കം പൊലീസ് റിക്കവർ ചെയ്‍തെടുത്തതോടെ പ്രതി പിടിയിലായി. 

ഇയാളുടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച ആളുകളെയും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അതുതടയുന്നതിന് വേണ്ട നടപടി സ്വീകരിക്കാത്ത വാട്സാപ്പ് ഗ്രൂപ്പ് അഡ്‍മിനെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെയും പിടികൂടി നിയമനടപടികൾ സ്വീകരിക്കുമെന്നും കൊവിഡ് കാലഘട്ടത്തിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഇത്തരം സന്ദേശം പ്രചരിപ്പിച്ച് പ്രതിക്കെതിരെ കേരള പൊലീസ് ആക്ട് 118(b) പ്രകാരം മൂന്നു വർഷം വരെ തടവും 10,000 രൂപവരെ പിഴയും ലഭിക്കുന്ന കുറ്റവും കൂടാതെ ഐടി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുക്കം ഇൻസ്പെക്ടർ അറിയിച്ചു.
 
മുക്കം ഇൻസ്‍പെക്ടർ ബി കെ സിജുവിന്റെ നേതൃത്വത്തിൽ എസ്ഐ ഷാജിദ് കെ, എഎസ്ഐ സലീം മുട്ടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിനേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് തറോൽ, അരുൺ എം തുടങ്ങിയവർ ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. 

Read more: 'ഉമ്മ കരച്ചില്‍ നിർത്തണില്ല, ഞാന്‍ ബ്ലാക്ക്മാനല്ല; കരഞ്ഞപേക്ഷിച്ച് വടംവലിയിലെ ഉരുക്കുമനുഷ്യന്‍

click me!