
ഇടുക്കി: ഇടുക്കി വെണ്മണിയിൽ ഒരു വർഷത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രദേശത്ത് നിന്ന് കാണാതായ വീട്ടമ്മയുടേതാണ് ഇതെന്നാണ് സംശയം.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പട്ടയനടപടികളുടെ ഭാഗമായി ഭൂമി വെട്ടിത്തെളിക്കുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥരാണ് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവരെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രദേശത്ത് നിന്ന് കാണാതായ വെണ്മണി സ്വദേശി ഏലിയാമ്മയുടേതാണ് മൃതദേഹാവശിഷ്ടങ്ങളെന്നാണ് പൊലീസും നാട്ടുകാരും സംശയിക്കുന്നത്.
കാണാതാവുന്ന ദിവസം ഇവർ ധരിച്ചിരുന്നതിന് സമാനമായ സാരിയാണ് മൃതദേഹാവശിഷ്ടത്തിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങൾ വിശദമായ പരിശോധനക്ക് അയച്ചു. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇത് ഏലിയാമ്മയുടേതാണോയെന്ന് ഉറപ്പിക്കാനാവൂ. മരണം എങ്ങനെയെന്നത് സംബന്ധിച്ച് ഉത്തരം കിട്ടാനും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഏപ്രിൽ ഒമ്പതിന് ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു ഏലിയാമ്മ. നേരം വൈകിയും തിരിച്ചെത്താതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണം നിലച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam