യുപി സ്കൂൾ ഹൈസ്കൂളാക്കിയില്ല; ആസിമിന് ഇത്തവണയും സ്കൂളിൽ പോകാനാവില്ല

By Web TeamFirst Published Jun 6, 2019, 2:59 PM IST
Highlights

സർക്കാർ ഹൈസ്കൂളില്ലാത്ത പഞ്ചായത്തിൽ ആസിമിന് പഠിക്കാൻ വെളിമണ്ണ യുപി സ്കൂൾ ഹൈസ്കൂൾ ആക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷെ വിധി ചോദ്യം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് അപ്പീൽ പോയി

കോഴിക്കോട്: പ്രവേശനോത്സവ ദിനത്തിലും പഠനം തുടരാനുള്ള നിയമ പോരാട്ടത്തിലാണ് കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം. ഭിന്നശേഷിക്കാരനായ ആസിമിന് വീടിന് അടുത്തുള്ള സ്‌കൂളിൽ പ്രവേശനം കിട്ടാൻ യുപി സ്‌കൂൾ ഹൈസ്‌കൂൾ ആക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ അനുകൂല തീരുമാനം എടുത്തിട്ടില്ല. 

സ്കൂൾ തുറന്നു.  ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പുതിയ ക്ലാസിലേക്ക് പോകുന്നു. പുതുപുത്തൻ യൂണിഫോമും പാഠപുസ്തകങ്ങളുമായി ആസിമും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ ഈ അധ്യയന വർഷവും പഠനം നിഷേധിക്കപ്പെടുന്ന അവസ്ഥയിലാണ് ആസിം.  

സർക്കാർ ഹൈസ്കൂളില്ലാത്ത പഞ്ചായത്തിൽ ആസിമിന് പഠിക്കാൻ വെളിമണ്ണ യുപി സ്കൂൾ ഹൈസ്കൂൾ ആക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷെ വിധി ചോദ്യം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് അപ്പീൽ പോയി. ഇതോടെ ആസിമിന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. 

ആസിമിന് പഠനം സൗകര്യം ഒരുക്കുന്നതിനുള്ള നിയമ പോരാട്ടത്തിലാണ് കുടുംബം. സഹായം തേടി വിവിധ സർക്കാർ വകുപ്പുകളെ സമീപിച്ചെങ്കിലും നീതി കിട്ടിയില്ല. അടുത്ത ദിവസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ് ആസിമിന്‍റെ കുടുംബം. 

click me!