
ചേർത്തല : ''മോളെ കല്ലൂ, ഇവിടെ വരു.. ബിസ്ക്കറ്റ് കഴിച്ചോ.. കാറ്റേറ്റ് ടി വി കാണാം... വരൂ കിടന്നുറങ്ങാം...'' എന്നൊക്കെ വീടിനകത്ത് നിന്ന് കേൾക്കുമ്പോൾ കുട്ടികളോട് പറയുന്നതായിരിയ്ക്കുമെന്ന് തോന്നുന്നുവെങ്കിൽ തെറ്റി. പശുക്കളെയും (Cow) കിടാങ്ങളെയും (Calves) മക്കളെ പോലെ ഊട്ടി വളർത്തുകയും അവയ്ക്കൊപ്പം കിടപ്പ് മുറിയിൽ തന്നെ കഴിയുകയും ചെയ്യുന്ന ഉഷാ ദേവി (Usha Devi) ഇങ്ങനെയാണ്...
ചേർത്തല തെക്ക് പഞ്ചായത്ത് 5ാം വാർഡിലാണ് 71കാരി ഉഷാ ദേവിയുടെ താമസം. ചോറും ബിസ്ക്കറ്റും ചായയും പാലും നൽകി ടി വി യും കാണിച്ച് പാട്ട് പാടി ഒന്നിച്ചാണ് കിടാങ്ങളുമായി ഉറക്കം. പാരമ്പര്യമായി പശുവളർത്തുന്ന വീട്ടിൽ നിന്നാണ് ഉഷാദേവി ഭർത്താവിന്റെ വീട്ടിലെത്തിയത്. അവിടെയും പശുക്കളെ കണ്ടപ്പോൾ മൃഗപരിപാലനത്തിൽ ശീലമുള്ള ഉഷാദേവിയ്ക്ക് നിസാരമായി തോന്നി.
മിശ്രവിവാഹമായിരുന്നു ഇവരുടേത്. സ്വകാര്യ ബസ് സർവ്വീസ് നടത്തിയിരുന്ന ഭർത്താവ് സദാശിവൻ 2005 നവംബർ 13 ന് മരിച്ചു. ഇതോടെ ജീവിതം വഴിമുട്ടി. പിന്നീട് ഒറ്റപ്പെടലിൽ നിന്ന് ഉഷാദേവി ആശ്വാസം കണ്ടെത്തിയത് പശുവളർത്തലിലൂടെയായിരുന്നു. നിലവിൽ അഞ്ച് പശുക്കളുണ്ടെങ്കിലും ഒരു പശുവിൽ നിന്നാണ് കറവയുള്ളത്.
കൊഴുപ്പ് തീരെ കുറവുളളതു കൊണ്ട് പാല് വാങ്ങാൻ ആരും വരാറില്ല. കിട്ടുന്ന പാല് കിടാങ്ങൾക്കും വീട്ടിലെ അതിഥികളായി എത്തുന്ന പട്ടികൾക്കും പുച്ചയ്ക്കുമായി നൽകുകയാണ് പതിവ്. പെൻഷൻ തുക കൊണ്ട് വൈക്കോലും കാലിതീറ്റയും വാങ്ങിയാൽ മറ്റ് ചിലവുകൾക്ക് ലോട്ടറി കച്ചവടം നടത്തിയാണ് ഉഷാദേവി ജീവിതം തള്ളി നീക്കുന്നത്.
ലക്ഷ്മിയ്ക്കാണ് ഇപ്പോൾ കറവയുള്ളത്. ഇവൾക്ക് മൂന്ന് കുട്ടികളാണ്. കണ്ണൻ, ത്രയംമ്പക, കല്യാണിയെന്നു പേരുള്ള കല്ലു, അപ്പു. ംവീടിനുള്ളിൽ കഴിയുന്ന പശുക്കൾ മൂത്രവും ചാണകവുമിടണമെങ്കിൽ ഉഷാദേവിയെ ആംഗ്യ ഭാഷ കാണിയ്ക്കും. ഉടൻ ബക്കറ്റുമായി എത്തി ആവശ്യം കഴിഞ്ഞാൽ പുറത്ത് കൊണ്ടു പോയി കളയുകയാണ് പതിവ്. 2015 ൽ ചേർത്തല തെക്ക് പഞ്ചായത്തിന്റെ ആദരവും ആ വർഷം തന്നെ ക്ഷീരകർഷക അവാർഡും ഉഷാദേവിയെ തേടിയെത്തി.
ഒരേയൊരു ദുഃഖമാണ് ഉള്ളത്. മഴക്കാലമായാൽ വീടിന് ചുറ്റും മഴ വെള്ളം കെട്ടി കിടക്കുന്നതു മൂലം പശുക്കളെ പുറത്തേയ്ക്ക് പോലും കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥ. ഇതിന് പരിഹാരം കാണാൻ പലവിധ ഓഫീസുകളും കയറിയിട്ടും നടന്നില്ല. മന്ത്രി പി.പ്രസാദിനോട് അവസ്ഥകൾ പറഞ്ഞിട്ടുണ്ട്. പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഉഷാദേവി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam